മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്തൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചു. 800 പേജുകളുള്ള കുറ്റപത്രം ബംഗളൂരു ഫസ്റ്റ് അഡി.ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചതെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണർ റീന സുവർണ 'മാധ്യമ'ത്തോട് പറഞ്ഞു.
സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര ഉൾപ്പെടെ എട്ടു പേരാണ് കേസിലെ പ്രതികൾ. 75 സാക്ഷിമൊഴികൾ, ഡിജിറ്റൽ രേഖകൾ, പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 4.11 കോടി രൂപ എന്നിവ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ സെപ്റ്റംബർ 12നാണ് മുഖ്യപ്രതിയും സംഘ്പരിവാർ വേദികളിലെ തീപ്പൊരി പ്രസംഗകയുമായ ചൈത്ര കുന്താപുരയേയും ആറ് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മൂന്നാം പ്രതി അഭിനവ് ഹാലശ്രീ സ്വാമി ആഴ്ച കഴിഞ്ഞ് ഒഡീഷയിലും അറസ്റ്റിലായി.
ചൈത്ര കുന്താപുരയുടെ വീട്ടിൽ നിന്നാണ് കൂടുതൽ തുകയും പിടിച്ചെടുത്തത്. വിജയ നഗര ജില്ലയിലെ ഹാലസ്വാമി മഹാസ്ഥാന മഠത്തിൽ നടത്തിയ പരിശോധനയിൽ സ്വാമി അഭിനവ ഹാലശ്രീ സൂക്ഷിച്ച 56 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്തിരുന്നു. അഭിനവ സ്വാമിക്ക് ഒന്നര കോടി രൂപ ആദ്യ ഗഡുവായി നൽകി എന്നായിരുന്നു ബൈന്തൂർ സീറ്റ് മോഹിച്ച വ്യവസായി ഗോവിന്ദ ബാബു പൂജാരി പരാതിയിൽ പറഞ്ഞിരുന്നത്. ഇതിൽ 50 ലക്ഷം രൂപ തിരിച്ചു നൽകി എന്നാണ് സ്വാമി പൊലീസിനെ അറിയിച്ചത്.
ബംഗളൂരുവിൽ ഹോട്ടൽ, ഷെഫ് ടോക്ക് ന്യൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കാറ്ററിങ് എന്നീ ബിസിനസുകൾ നടത്തുന്നയാളാണ് ഉഡുപ്പി ബൈന്തൂർ സ്വദേശിയായ ഗോവിന്ദ ബാബു പൂജാരി. ഇദ്ദേഹം ബംഗളൂരു ബന്ദെപാളയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് നടത്തിയ അന്വഷണമാണ് വൻ തെരഞ്ഞെടുപ്പ് കോഴ വെളിച്ചത്ത് കൊണ്ടുവന്നത്.
യുവമോർച്ച ജനറൽ സെക്രട്ടറി ഗഗൻ കാടൂർ, ചിക്കമമഗളൂരു സ്വദേശി രമേശ്, ബംഗളൂരു കെ.ആർ. പുരം സ്വദേശി നായ്ക്, ചിക്കമംഗളൂരു സ്വദേശി ധനരാജ്, ഉഡുപ്പി സ്വദേശി ശ്രീകാന്ത്, ബി.ജെ.പി പ്രവർത്തകൻ പ്രസാദ് ബൈന്തൂർ എന്നിവരാണ് മറ്റു പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.