ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിച്ച ടിഷർട്ടിന്റെ വില 41,000 ആണെന്ന് ആരോപിച്ച് ബിജെപി. ഔദ്യോഗിക ട്വിറ്റർ അകൗണ്ട് വഴിയാണ് രാഹുൽ ടി–ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ബി.ജെ.പി പങ്കുവച്ചത്. 'ഭാരത് ദേഖോ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്. ബര്‍ബറി എന്ന കമ്പനിയുടെ ഡിസൈനര്‍ ടീഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്നാണ് ആരോപണം. 41,257 രൂപയാണിതിന് എന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തിൽ പറയുന്നു. നിലവില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ഗാന്ധി.
ബി.ജെ.പിക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് ബി.ജെ.പിയുടെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചോദിച്ചു. 'പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ' – ബി.ജെ.പിയുടെ അക്കൗണ്ടിനെ ടാഗ് ചെയ്ത് കോൺഗ്രസ് ചോദിച്ചു.
അതേസമയം, ഭാരത് ജോഡോ യാത്രയെ പേടിച്ചാണ് ബി.ജെ.പിയുടെ ആരോപണമെന്ന് ട്വിറ്ററിൽത്തന്നെ വിമർശനം ഉയരുന്നുണ്ട്. മാത്രമല്ല, ജനങ്ങളുടെ പണം ഉപയോഗിച്ചല്ല രാഹുൽ വസ്ത്രം വാങ്ങുന്നതെന്നും ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നു. 'ഇപ്പോഴാണ് വസ്ത്രത്തിന്റെ വിലയെക്കുറിച്ച് മോദിജിയുടെ പാർട്ടിക്ക് ബോധ്യം വന്നത്. മോദിജി സ്വന്തം പേരെഴുതിയ കോട്ട് ഇട്ടപ്പോൾ ഇതൊന്നും ഓർമയില്ലായിരുന്നു'-ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.