ബംഗളൂരു: കർണാടകയിൽ ബി.ജെ.പിക്ക് തിരിച്ചടിയേകി നേതാക്കളുടെ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയ ചാമരാജ് നഗർ സിറ്റിങ് എം.പിയും മുതിർന്ന ബി.ജെ.പി നേതാവുമായ വി. ശ്രീനിവാസ് പ്രസാദ് ചാമരാജ് നഗർ, മൈസൂരു-കുടക് മണ്ഡലങ്ങളിൽ കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തു. ശനിയാഴ്ച രാവിലെ ശ്രീനിവാസിന്റെ മൈസൂരുവിലെ വസതിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
മുൻ കോൺഗ്രസ് നേതാവായ ശ്രീനിവാസ് പ്രസാദ് 2016ലാണ് ബി.ജെ.പിയിൽ ചേരുന്നത്. 2013ലെ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. ഇത്തവണ ശ്രീനിവാസ് പ്രസാദിന് ബി.ജെ.പി ടിക്കറ്റ് നൽകിയിരുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായി കഴിഞ്ഞദിവസം അദ്ദേഹം പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ സന്ദർശനം.
ശ്രീനിവാസ് പ്രസാദിന്റെ സഹോദരൻ രാമസ്വാമിയും അദ്ദേഹത്തിന്റെ മകൻ ഭരത് രാമസ്വാമിയും അനുയായികളും കഴിഞ്ഞമാസം 17ന് കോൺഗ്രസിൽ ചേർന്നിരുന്നു.
ശനിയാഴ്ച ദാവൻകരെയിൽ ആർ.എസ്.എസ് നേതാവും മുൻ ബി.ജെ.പി എം.എൽ.എയുമായ ടി. ഗുരുസിദ്ധനഗൗഡ കോൺഗ്രസിൽ ചേർന്നു. ദാവൻകരെ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയെച്ചൊല്ലി പാർട്ടിയിൽ കലഹം തുടരുന്നതിനിടെയാണ് ആർ.എസ്.എസ് നേതാവിന്റെ കൂടുമാറ്റം.
സ്ഥാനാർഥി നിർണയത്തിൽ ബി.ജെ.പി സ്വീകരിച്ച നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ദാവൻകരെ ജാഗലൂരു മണ്ഡലത്തിൽനിന്നുള്ള മുൻ എം.എൽ.എയായ ഗുരുസിദ്ധനഗൗഡ സംഘ്കേന്ദ്രം വിട്ടത്. തന്റെ മകൻ ഡോ. രവികുമാറിന് ടിക്കറ്റിനായി അദ്ദേഹം നേതൃത്വത്തെ സമീപിച്ചിരുന്നു.
എന്നാൽ, പരിഗണിച്ചില്ല. സിറ്റിങ് എം.പി ഡോ. ജി.എം. സിദ്ധേശ്വരയുടെ ഭാര്യ ഗായത്രി സിദ്ധേശ്വരക്കാണ് ബി.ജെ.പി അവസരം നൽകിയത്. ഇതിനെതിരെ ടി. ഗുരുസിദ്ധന ഗൗഡക്ക് പുറമെ, മുൻ മന്ത്രിമാരായ എം.പി. രേണുകാചാര്യയും എസ്.എ. രവീന്ദ്രനാഥും അടക്കമുള്ള ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു.
ബി.എസ്. യെദിയൂരപ്പ ഇപ്പോഴും കെ.ജെ.പി മൂഡ് വിട്ടിട്ടില്ലെന്ന് ഗുരുസിദ്ധന ഗൗഡ കുറ്റപ്പെടുത്തി. 2012ൽ ബി.ജെ.പിയോട് കലഹിച്ച് യെദിയൂരപ്പ കർണാടക ജനത പക്ഷ എന്ന പാർട്ടിയുണ്ടാക്കിയതിനെ ഓർമിപ്പിച്ചായിരുന്നു ഗുരുസിദ്ധനഗൗഡയുടെ വിമർശനം.
കഴിഞ്ഞ ദിവസം ബി.ജെ.പി യെല്ലാപുർ എം.എൽ.എ ശിവറാം ഹെബ്ബാറിന്റെ മകൻ വിവേക് ഹെബ്ബാർ കോൺഗ്രസിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.