കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. പശ്ചിമബംഗാളിലെ ക്രമസമാധാന നില പൂർണമായി തകർന്നിരിക്കുകയാണെന്നും സംസ്ഥാനത്തെ സ്ഥിതി മണിപ്പൂരിനെക്കാൾ ദയനീയമാണെന്നും ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് ആരോപിച്ചു. ''പശ്ചിമ ബംഗാളിലെ സ്ഥിതി മണിപ്പൂരിനേക്കാൾ വഷളായിരിക്കുകയാണ്.ജനം അധികാരത്തിലേറ്റിയ സർക്കാരാണത്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിന് ജനം തന്നെ മറുപടി നൽകും. ക്രമസമാധാന പാലനത്തിന് നിർദേശങ്ങൾ നൽകുകയും സഹായം വാഗ്ദാനം നൽകുകയും ചെയ്യുകയാണ് കേന്ദ്ര സർക്കാർ. ബംഗാളിലെയും ബംഗ്ലാദേശ് അതിർത്തിയിലെയും സ്ഥിതി രാജ്യത്തിന്റെ സുരക്ഷക്ക് നല്ലതല്ലെന്ന് നമുക്ക് കാണാൻ കഴിയും. ഇതാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.''-ദിലീപ് ഘോഷ് പറഞ്ഞു.
പശ്ചിമബംഗാളിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു ഘോഷ്. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അതിക്രമം നടന്നത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയതായിരുന്നു എൻഫോഴ്സ്മെന്റ് സംഘം. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലാണ് ഇ.ഡി സംഘം റെയ്ഡിനെത്തിയത്. പ്രദേശത്തെ 200ഓളം പേർ വരുന്ന സംഘം ഇ.ഡി ഉദ്യോഗസ്ഥരേയും അർധ സൈനിക വിഭാഗത്തേയും വളയുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങൾ ആൾക്കൂട്ടം തകർത്തു.
പശ്ചിമബംഗാളിൽ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മാസങ്ങളായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ബംഗാളിലെ ജനങ്ങൾക്ക് നൽകേണ്ട റേഷൻവിഹിതത്തിൽ 30 ശതമാനത്തോളം വകമാറ്റി ഓപ്പൺ മാർക്കറ്റിൽ വിറ്റുവെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മന്ത്രി ജ്യോതി പ്രിയോ മല്ലിക് അറസ്റ്റിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. 2011 മുതൽ 2021 വരെ ജ്യോതി പ്രിയ മല്ലിക്കായിരുന്നു പശ്ചിമബംഗാളിലെ ഭക്ഷ്യമന്ത്രി. ഇക്കാലയളവിലാണ് റേഷൻ അഴിമതി നടന്നതെന്ന് ഇ.ഡി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.