ശരദ് പവാറിന് കേന്ദ്രമന്ത്രി പദവിയും നിതി ആയോഗ് അധ്യക്ഷ സ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്തെന്ന്

മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ തങ്ങൾക്കൊപ്പം കൂട്ടാനായി കേന്ദ്രമന്ത്രി പദവിയും നിതി ആയോഗ് അധ്യക്ഷ സ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്തെന്ന് ആരോപണം. മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനാണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്ര കൃഷിമന്ത്രി പദവിയാണ് ശരദ് പവാറിന് വാഗ്ദാനം ചെയ്തത്. എൻ.സി.പിയെ പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ശനിയാഴ്ച പുണെയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത് ഇതേക്കുറിച്ചാണെന്നും ചവാൻ പറഞ്ഞു.

കാബിനറ്റ് പദവിയോടെ നിതി ആയോഗ് അധ്യക്ഷ സ്ഥാനവും പവാറിന് വാഗ്ദാനം ചെയ്യപ്പെട്ടെന്ന് മുൻ കേന്ദ്ര മന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കൂടിയായ പൃഥ്വിരാജ് ചവാൻ പറഞ്ഞു. എൻ.സി.പി നേതാവ് ജയന്ത് പാട്ടീലും ശനിയാഴ്ചത്തെ കൂടിക്കാഴ്ചയിലുണ്ടായിരുന്നു. അജിത് പവാർ മുന്നോട്ടുവെച്ച വാഗ്ദാനം ശരദ് പവാർ തള്ളിക്കളഞ്ഞുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ചവാൻ പറഞ്ഞു. ശരദ് പവാറിനൊപ്പമുള്ള നേതാക്കളായ ജയന്ത് പാട്ടീൽ, സുപ്രിയ സുലേ എന്നിവർക്കും വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തന്‍റെ രാഷ്ട്രീയ നിലപാട് ശരദ് പവാർ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിക്കൊപ്പം ചേരാൻ ചില 'അഭ്യുദയകാംക്ഷികൾ' തന്നെ നിർബന്ധിക്കുന്നുണ്ടെന്നും എന്നാൽ അതൊരിക്കലും സംഭവിക്കില്ലെന്നുമാണ് പവാർ പറഞ്ഞത്. ബി.ജെ.പിയുമായുള്ള ഒരുതരത്തിലുള്ള കൂട്ടുകെട്ടും എൻ.സി.പിയുടെ രാഷ്ട്രീയാദർശത്തിന് ചേർന്നതല്ല.

'അജിത് പവാർ എന്‍റെ അനന്തരവനാണ്. ഞാൻ അനന്തരവനെ കാണുന്നതിൽ എന്താണ് കുഴപ്പം. കുടുംബത്തിലെ ഒരു മുതിർന്നയാൾക്ക് മറ്റൊരംഗത്തെ കാണണമെന്ന് തോന്നി. അത്രമാത്രമേയുള്ളൂ' -ശനിയാഴ്ചത്തെ കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾ എൻ.സി.പി-ശിവസേന-കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സഖ്യത്തെ തന്നെ ഭരണചുമതലയേൽപ്പിക്കുമെന്നും ശരദ് പവാർ പറഞ്ഞു. 

എൻ.സി.പിയെ പിളർത്തി ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേർന്ന ശേഷം ഇത് മൂന്നാം തവണയാണ് അജിത് പവാർ ശരദ് പവാറിനെ ചെന്നു കാണുന്നത്. ഇടക്കിടെയുള്ള അജിത്-പവാർ കൂടിക്കാഴ്ചകൾ പവാറിന്‍റെ സഖ്യകക്ഷികളായ കോൺഗ്രസ്, ഉദ്ധവ് താക്കറെ പക്ഷ ശിവസേന എന്നിവരെ കുഴക്കുന്നുണ്ട്. പവാറിനെ ഒപ്പം കൂട്ടി മഹാരാഷ്ട്രയിലെ എം.വി.എ സഖ്യത്തെയും ദേശീയതലത്തിലെ പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'യേയും തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. പാർട്ടി എം.എൽ.എമാരിൽ കൂടുതൽ പേരും അജിത് പവാറിനൊപ്പമാണ് എന്നതും പ്രായാധിക്യവും പവാറിനെ ബി.ജെ.പിയുടെ കെണിയിൽ വീഴ്ത്തിയേക്കുമെന്ന് ശിവസേന ഭയപ്പെടുന്നു. പവാർ എൻ.ഡി.എക്കൊപ്പം പോയാൽ എം.വി.എ സഖ്യം തകരും. ഇത് ഉദ്ധവ് താക്കറേയുടെ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാണ്.

Tags:    
News Summary - BJP Offered Sharad Pawar Union Agricultural Ministry says Congress Leader Prithivraj Chavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.