ന്യൂഡൽഹി: ബി.ജെ.പിയുടെ ഏറ്റവും ഉന്നത സമിതിയായ പാർലമെൻററി ബോർഡ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെച്ച പുനഃസംഘടന ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
അതേസമയം, ആരൊക്കെയാണ് ഉൾപ്പെടുത്തുക എന്ന വിവരം അറിവായിട്ടില്ല. പുതുമുഖങ്ങളെ കൊണ്ടുവരുന്നത് പുതിയ അധ്യക്ഷൻ വരുേമ്പാൾ പതിവുള്ളതാണെന്നാണ് ഒരു മുതിർന്ന നേതാവ് ഇതിനോട് പ്രതികരിച്ചത്. മുതിർന്ന നേതാക്കളായ അനന്ത്കുമാർ, സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്ലി എന്നിവരുടെ വിയോഗത്തിലൂടെയും എം.വെങ്കയ്യനായിഡു ഉപരാഷ്ട്രപതി ആയതിലൂടെയും ഉണ്ടായ ഒഴിവുകളിലേക്കാണ് പുതിയ നിയമനം.
സമിതിയിലെ ഏക വനിതയായ സുഷമയുടെ സ്ഥാനത്തേക്ക് ധനമന്ത്രി നിർമല സീതാരാമൻ എത്തിയേക്കും. അതേസമയം, കേന്ദ്ര മന്ത്രിസഭയിലും ഇതിനോടനുബന്ധിച്ച് മാറ്റങ്ങൾ ഉണ്ടാകുമെന്നും വാർത്തകളുണ്ട്. പാർട്ടി ചുമതലയുള്ള ചിലർ മന്ത്രിസഭയിലേക്കും മന്ത്രിസഭാംഗങ്ങളിൽ ചിലർ സംഘടന ചുമതലയിലേക്കും മാറുമെന്നാണ് അഭ്യൂഹങ്ങൾ.
പാർട്ടിക്ക് യുവത്വത്തിെൻറ മുഖം നൽകുക എന്ന ലക്ഷ്യമിട്ട് മുൻ അധ്യക്ഷൻ അമിത്ഷാ ആരംഭിച്ച പദ്ധതികളാണ് ഇവയെന്നും നദ്ദയും ഈ വഴിയിലായിരിക്കും സഞ്ചരിക്കുകയെന്നും നിരീക്ഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.