ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ബി.ജെ.പി തകൃതിയായ ഒരുക്കങ്ങൾ തുടങ്ങി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ അയോധ്യ ആയിരിക്കും പ്രധാന അജണ്ടയെന്ന് വ്യക്തമാക്കി മോദി ശനിയാഴ്ച അയോധ്യ അവലോകനവും നടത്തി.
ഉത്തർപ്രദേശ് അടക്കം അഞ്ചു നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിൽ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, നരേന്ദ്ര സിങ് തോമർ, സ്മൃതി ഇറാനി, കിരൺ റിജിജു എന്നിവർ സംബന്ധിച്ചു. ഉത്തർപ്രദേശിന് പുറമെ ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ നാലിടത്തും ബി.ജെ.പി ഭരണത്തിലായതിനാൽ 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണിത്.
പാർട്ടിക്ക് ഏറ്റവും കൂടുതൽ എം.പിമാരും എം.എൽ.എമാരുമുള്ള യു.പിയാണ് ഏറ്റവും നിർണായകം. ഇൗമാസം രണ്ടാം തവണയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മോദി അയോധ്യ വികസന അവലോകനം നടത്തുന്നത്. രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ടവർ നടത്തിയ കോടികളുടെ ഭൂമി തട്ടിപ്പ് പുറത്തുവന്നതിനിടയിലാണ് രണ്ടാം അവലോകനം. അയോധ്യയുെട വികസന പദ്ധതി യോഗി യോഗത്തിൽ അവതരിപ്പിച്ചു.
മികച്ച റോഡുകളും അടിസ്ഥാന സൗകര്യവും റയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാരുടെയും നഗരമാക്കി അയോധ്യയെ മാറ്റുമെന്നും മികച്ച പാരമ്പര്യവും വികസന രീതികളും അയോധ്യയിലൂടെ വരച്ചുകാട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇൗമാസം ആദ്യത്തിൽ ഡൽഹിയിലെത്തി യോഗി മോദിയെ കണ്ടിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നതക്കിടയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബി.ജെ.പി നേതാക്കളുമായും യോഗി ചർച്ച നടത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.