പട്ന: പ്രതിപക്ഷ സഖ്യത്തെ വിമർശിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ. ഇൻഡ്യ സഖ്യം കുടുംബ രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും തൂണുകളിലാണ് നിലകൊള്ളുന്നതെന്ന് നദ്ദ പറഞ്ഞു. രാജ്യത്തിലെ ഏറ്റവും വലിയ ജാതി ദാരിദ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്ന ബി.ജെ.പി നേതാവ് കൈലാശ്പതി മിശ്രയുടെ നൂറാം ജന്മവാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു നദ്ദ.
"ഇൻഡ്യ സഖ്യം കുടുംബ രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും തൂണുകളിലാണ് നിലകൊള്ളുന്നത്. കശ്മീരിൽ ഫാറൂഖ് അബ്ദുല്ലയും ഉമർ അബ്ദുല്ലയും മുഫ്തി മുഹമ്മദ് സഈദും മെഹ്ബൂബ മുഫ്തിയും, പഞ്ചാബിൽ പ്രകാശ് സിങ് ബാദലും സുഖ്ബീർ ബാദലും, ഉത്തർപ്രദേശിൽ മുലായം സിങ് യാദവും അഖിലേഷ് യാദവും ഡിംപിൾ യാദവും, ബിഹാറിൽ ലാലു പ്രസാദവും തേജസ്വി പ്രസാദ് യാദവും മിസ ഭാരതിയും ബംഗാളിൽ മമത ബാനർജിയും അഭിഷേക് ബാനർജിയും, തെലങ്കാനയിൽ കെ.സി.ആറും കെ.ടി.ആറും കവിതയും, തമിഴ്‌നാട്ടിൽ കരുണാനിധിയും സ്റ്റാലിനും, മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും. മാത്രമല്ല, സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കാര്യവും ജനം മറക്കാൻ ഇടയില്ല" -നദ്ദ പറഞ്ഞു.
ഈയിടെയായി എല്ലാവരും പിന്നാക്ക ജാതിക്കാരെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ അവർക്കുവേണ്ടി പൊരുതിയ പാർട്ടി ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിക്ക് 27 ശതമാനം ഒ.ബി.സി എം.പിമാരുണ്ടെന്നും ഇത് കോൺഗ്രസിന്റെ മൊത്തം എം.പിമാരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും നദ്ദ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.