ന്യൂഡൽഹി: എ.എ.പിയുടെ മുതിർന്ന നേതാവ് കൈലാഷ് ഗഹ്ലോട് പാർട്ടി വിട്ടതിൽ പ്രതികരണവുമായി ബി.ജെ.പി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഏവരെയും ഞെട്ടിച്ച് കൈലാഷിന്റെ രാജി. മുതിർന്ന നേതാവ് തന്നെ പാർട്ടി വിട്ടതോടെ എ.എ.പിയുടെ പതനം പൂർണമായി എന്നാണ് ഇതെ കുറിച്ച് ബി.ജെ.പി പ്രതികരിച്ചത്.
''കൈലാഷ് ഗഹ്ലോടിന്റെ രാജിയോടെ എ.എ.പി അവസാനിച്ചു. അദ്ദേഹം ഗതാഗത മന്ത്രിയായിരുന്നു. പാർട്ടിയുടെ മുതിർന്ന മൂന്നു നേതാക്കളിൽ ഒരാളും. മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലകളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. ജനങ്ങളുടെ ആവശ്യം എ.എ.പി പരിഗണിക്കുന്നില്ല എന്നാരോപിച്ചാണ് കൈലാഷ് പാർട്ടി വിട്ടത്. കൈലാഷിനെ പോലെ നിരവധി എ.എ.പി അംഗങ്ങൾ പാർട്ടി വിടാനായി കാത്തുനിൽക്കുകയാണ്.''-ബി.ജെ.പി എം.പി മനോജ് തിവാരി പറഞ്ഞു.
ബി.ജെ.പി നേതാവായ മഞ്ജീന്ദർ സിങ് സിർസയും എ.എ.പിക്കെതിരെ രംഗത്തുവന്നു. മുങ്ങുന്ന ബോട്ടാണ് എ.എ.പി എന്നായിരുന്നു സിർസയുടെ പരിഹാസം. ആ മുങ്ങുന്ന ബോട്ടിൽ നിന്ന് രക്ഷപ്പെടാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഞങ്ങൾ എപ്പോഴും ഉയർത്തിക്കൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കൈലാഷ് തുറന്നു പറഞ്ഞത്. അരവിന്ദ് കെജ്രിവാൾ അഴിമതിക്കാരനാണെന്നതിന് മറ്റ് തെളിവുകളൊന്നും വേണ്ട.-സിർസ പറഞ്ഞു.
എന്നാൽ ബി.ജെ.പി നോട്ടമിട്ട കൈലാഷ് ഗഹ്ലോട്ടിന് അവർക്കൊപ്പം പോവുകയല്ലാതെ മറ്റ് വഴിയില്ലെന്നായിരുന്നു എ.എ.പി നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.
''കൈലാഷ് ഗഹ്ലോട്ടിന്റെ വീട്ടിൽ ഇ.ഡിയും ആദായ നികുതി വകുപ്പും നിരവധി തവണ റെയ്ഡിനെത്തിയിട്ടുണ്ട്. അഞ്ചുവർഷമായി എ.എ.പി സർക്കാറിന്റെ ഭാഗമായിരുന്നു അദ്ദേഹം. ബി.ജെ.പി നിരന്തരം ഉന്നം വെക്കുകയാണ് അദ്ദേഹത്തെ. ആ സാഹചര്യത്തിൽ ബി.ജെ.പിക്കൊപ്പം പോവുകയല്ലാതെ കൈലാഷിന് മറ്റ് നിവൃത്തിയില്ല.-സഞ്ജയ് സിങ് പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം, സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കാണ് എ.എ.പി മുൻഗണന നൽകുന്നത് എന്നാരോപിച്ചാണ് ഗെഹ്ലോട് പാർട്ടി വിട്ടത്. ആം ആദ്മി പാർട്ടിയിൽ നിർണായക സ്ഥാനം വഹിച്ചിരുന്നയാളാണ് ഗഹ്ലോട്. മുതിർന്ന നേതാവായ അദ്ദേഹം കെജ്രിവാൾ കഴിഞ്ഞാൽ മുഖ്യമന്ത്രിയാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.