ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ ഒരു കിലോ ജിലേബി ഓൺലൈനായി ഓർഡർ ചെയ്ത് ബി.ജെ.പി. ഡൽഹി കൊനോട്ട് േപ്ലസിലെ കടയിൽനിന്നാണ് കിലോക്ക് നികുതിയടക്കം 609 രൂപ വിലയുള്ള ജിലേബി ഓർഡർ ചെയ്തത്. ന്യൂഡൽഹിയിലെ കോൺഗ്രസ് ഹെഡ്ക്വാർട്ടേഴ്സിന്റെ അഡ്രസിലുള്ള ഓർഡറിൽ ‘ജിലേബി ഫോർ രാഹുൽ ഗാന്ധി’ എന്ന് കുറിച്ചിട്ടുമുണ്ട്. എന്നാൽ, ഇതിന്റെ പണം കൊടുക്കാൻ ബി.ജെ.പി തായാറായിട്ടില്ല. കാഷ് ഓൺ ഡെലിവറിയായാണ് പാർസൽ അയച്ചിരിക്കുന്നത്. പാർസൽ അയച്ച കാര്യം ഓർഡർ നമ്പറടക്കം ഹരിയാന ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയുടെ ജിലേബി പരാമർശമാണ് ബി.ജെ.പിയെ ഇതിന് പ്രേരിപ്പിച്ചത്. ഹരിയാന ഗുഹാനയിലെ ഒരു കടയിൽനിന്ന് ജിലേബി കഴിച്ച ശേഷം രാഹുൽ ഗാന്ധി അത് തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. ജിലേബി വ്യാവസായികാടിസ്ഥാനത്തിൽ ഫാക്ടറിയിൽ ഉൽപാദിപ്പിക്കേണ്ടതുണ്ടെന്ന് നിർദേശിച്ച അദ്ദേഹം, അതിലൂടെ ഇന്ത്യയുടെയും ലോകത്തിന്റെയും എല്ലാ കോണുകളിലും എത്തിക്കാൻ കഴിയുമെന്നും പറഞ്ഞിരുന്നു.
രാഹുലിനെ പരിഹസിക്കാനായി തെരഞ്ഞെടുപ്പ് വിജയവും ബി.ജെ.പി ജിലേബി വിതരണം ചെയ്താണ് ആഘോഷിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഭജൻലാൽ ശർമ ഒരുപടി കൂടി കടന്ന് സ്വയം ജിലേബി ഉണ്ടാക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു.
90 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ ബി.ജെ.പിക്ക് 48ഉം കോൺഗ്രസിന് 37ഉം സീറ്റാണ് ലഭിച്ചത്. ഇന്ത്യൻ നാഷനൽ ലോക്ദളിന്റെ രണ്ട് സ്ഥാനാർഥികളും മൂന്ന് സ്വതന്ത്രരും ജയിച്ചുകയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.