ലഖ്നോ: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ പിന്തുണ കൊണ്ടും സർക്കാരിന്‍റെ നേട്ടങ്ങൾ കൊണ്ടും ബി.ജെ.പി ഉയർന്ന ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് യോഗി പറഞ്ഞു.
അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. യു.പിയിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഫെബ്രുവരി പത്തിന് നടക്കും. ഒന്ന്, മൂന്ന്, നാല്, ഏഴ് ഘട്ടങ്ങളിൽ യു.പിയിൽ മാത്രമായിരിക്കും വോട്ടെടുപ്പ് നടക്കുക. മാർച്ച് ഏഴിന് വോട്ടെടുപ്പ് അവസാനിക്കും. മാർച്ച് പത്തിന് അഞ്ച് സംസ്ഥാനങ്ങളിലെയും ഫലമറിയാം.
ഫെബ്രുവരി 14ന് ആരംഭിക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡ്. പഞ്ചാബ്, ഗോവ, യു.പി എന്നീ സംസ്ഥാനങ്ങൾ ജനവിധി തേടും. അഞ്ചും ആറും ഘട്ടങ്ങളിൽ മണിപ്പൂരിലും, യു.പിയിലും തെരഞ്ഞെടുപ്പ് നടക്കും.
ഫെബ്രുവരി പത്ത് ആദ്യ ഘട്ടം, ഫെബ്രുവരി 14 രണ്ടാം ഘട്ടം, ഫെബ്രുവരി 20 മൂന്നാംഘട്ടം, ഫെബ്രുവരി 23 നാലാം ഘട്ടം, ഫെബ്രുവരി 27 അഞ്ചാം ഘട്ടം, മാർച്ച് മൂന്ന് ആറാം ഘട്ടം, മാർച്ച് ഏഴ് ഏഴാം ഘട്ടം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്താനുള്ള സമയം ഒരു മണിക്കൂർ നീട്ടി. റോഡ് ഷോ, പദയാത്രകൾ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ജനുവരി 15 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.