ന്യൂഡൽഹി: 18ാം ലോക്സഭയിലെ സ്പീക്കർ സ്ഥാനം ബി.ജെ.പി നിലനിർത്തിയേക്കും. സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ആവശ്യമുന്നയിച്ച സ്പീക്കർ പദവി വിട്ടുകൊടുക്കേണ്ടെന്നാണ് ബി.ജെ.പിയുടെ നിലപാട്. സഖ്യകക്ഷികൾക്ക് കൂടി സമ്മതമുള്ള ഒരാളെ സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം.
ലോക്സഭയിലെ പ്രധാന പദവിയായ സ്പീക്കർ സ്ഥാനത്തിന് വേണ്ടി ജെ.ഡി.യുവും ടി.ഡി.പിയും ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, സമവായങ്ങൾക്കൊടുവിൽ ഇരുകക്ഷികൾക്കും മന്ത്രി സ്ഥാനങ്ങൾ നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശ് ബി.ജെ.പി അധ്യക്ഷയും എം.പിയുമായ ഡി. പുരന്ദേശ്വരിയെ ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സ്പീക്കർ സ്ഥാനത്തിനായി ശക്തമായി വാദിച്ചിരുന്നത് തെലുങ്കുദേശം പാർട്ടിയായിരുന്നു. പുരന്ദേശ്വരിയെ സ്പീക്കറാക്കുന്നതിൽ ചന്ദ്രബാബു നായിഡുവിനും എതിർപ്പുണ്ടാകില്ലെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
ഒന്നാം മോദി സർക്കാറിൽ ഇന്ദോറിൽ നിന്നുള്ള ബി.ജെ.പി എം.പി സുമിത്ര മഹാജനായിരുന്നു ലോക്സഭ സ്പീക്കർ. രണ്ടാം മോദി സർക്കാറിൽ രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിർളയാണ് സ്പീക്കറായത്. 2014ലും 2019ലും ബി.ജെ.പിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ സ്പീക്കർ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ സ്പീക്കർ പദവി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ജൂൺ 24നാണ് 18ാം ലോക്സഭയുടെ ആദ്യ സെഷൻ ആരംഭിക്കുക. സ്പീക്കർ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തുകയാണെങ്കിൽ ജൂൺ 26ന് തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.