ന്യൂഡൽഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെക്കാൻ യു.എസിന്റെ ‘ഡീപ് സ്റ്റേറ്റ്’ പ്രവർത്തിക്കുന്നുണ്ടെന്നും അവകാശപ്പെട്ട് ഭാരതീയ ജനതാ പാർട്ടി. ഈ അജണ്ടക്കു പിന്നിൽ എല്ലായ്പോഴും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റായിരുന്നുവെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതാദ്യമായാണ് ‘ഡീപ് സ്റ്റേറ്റി’നു പിന്നിൽ യു.എസ് ആണെന്ന് ബി.ജെ.പി തുറന്നു പറയുന്നത്.
യു.എസിലെ ‘ഡീപ് സ്റ്റേറ്റി’ലെ ഘടകങ്ങൾ ഒരു കൂട്ടം മാധ്യമപ്രവർത്തകരുമായും ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ഒത്തുചേർന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങളും ദുരുദ്ദേശ്യപരമായ റിപ്പോർട്ടുകളും ഉപയോഗിച്ച് ഇന്ത്യയുടെ വളർച്ചാ ചക്രത്തെ അസ്ഥിരപ്പെടുത്തുകയാണെന്ന് ബി.ജെ.പി വക്താവ് ആരോപിച്ചു.
അദാനി ഗ്രൂപ്പിനെ ലക്ഷ്യം വെക്കുന്നതിനും പ്രധാനമന്ത്രി മോദിയെ തുരങ്കം വെക്കാനും ‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് റിപ്പോർട്ടുകൾ’ (ഒ.സി.സി.ആർ.പി) രാഹുൽ ഗാന്ധി ഉപയോഗിച്ചതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഒ.സി.സി.ആർ.പിക്ക് യു.എസ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡെവലപ്‌മെന്‍റും ജോർജ് സോറോസിനെപ്പോലുള്ള ‘ഡീപ് സ്റ്റേറ്റ്’ വ്യക്തികളും ധനസഹായം നൽകിയെന്ന് കാണിക്കുന്ന ഒരു ഫ്രഞ്ച് മാധ്യമ റിപ്പോർട്ട് ബി.ജെ.പി വക്താവ് ഉദ്ധരിച്ചു. ഒ.സി.സി.ആർ.പിയുടെ 50 ശതമാനവും ധനസഹായവും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിൽ നിന്ന് നേരിട്ട് വരുന്നതാണെന്ന് ഒരു ഫ്രഞ്ച് അന്വേഷണ മാധ്യമ ഗ്രൂപ്പ് വെളിപ്പെടുത്തിയെന്നും പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയെന്ന വ്യക്തമായ ലക്ഷ്യമാണ് ഡീപ് സ്റ്റേറ്റിനുണ്ടായിരുന്നതെന്നും വക്താവ് പറഞ്ഞു.
സംബിത് പത്രയുടെ ആരോപണം പാർട്ടിയിലെ സഹപ്രവർത്തകൻ നിഷികാന്ത് ദുബെ പാർലമെന്‍റിൽ ആവർത്തിച്ചു. പ്രധാനമന്ത്രി മോദിയോടുള്ള വിദ്വേഷം കാരണം സർക്കാറിനെ അട്ടിമറിക്കാൻ കോൺഗ്രസ് വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തുകയാണെന്ന് ദുബെ ആരോപിച്ചു.
എന്നാൽ, ആരോപണം കോൺഗ്രസിന്റെ രൂക്ഷമായ പ്രതികരണത്തിന് കാരണമായി. ‘ഏറ്റവും ദൗർഭാഗ്യകരമായ സംഭവം’ എന്ന് വിശേഷിപ്പിച്ചു. കോൺഗ്രസ് എം.പി ശശി തരൂർ ദുബെക്കെതിരെയും അദ്ദേഹത്തിന്റെ ‘അമ്പരപ്പിക്കുന്ന പ്രസ്താവന’ക്കെതിരെയും അക്കമിട്ട് വിമർശനമുന്നയിച്ചു.
‘നമ്പർ 1, താങ്കൾക്ക് ആളുകളെ അപകീർത്തികരമായ രീതിയിൽ ആക്രമിക്കാൻ സാധിക്കില്ല. നമ്പർ 2, മുൻകൂട്ടി രേഖാമൂലം അറിയിപ്പ് നൽകാതെ താങ്കൾക്ക് ആരുടെയും പേര് എടുത്തുന്നയിക്കാൻ കഴിയില്ല. നമ്പർ 3, പ്രത്യേക പാർലമെന്‍ററി അവകാശത്തെ അതിക്രമിക്കാനാവില്ല. എന്നാൽ, ആ മൂന്ന് നിയമങ്ങളും ലംഘിച്ചു. ഏറെ നേരം സംസാരിക്കുകയും ബഹളം വെക്കുകയും ചെയ്തു. അതിനാൽ ഇത് രേഖയിൽ നിന്ന് ഒഴിവാക്കണമെന്ന് ഞങ്ങൾ സ്പീക്കറെ കണ്ടു പറഞ്ഞു. ദുബെ ഇക്കാര്യത്തിൽ മാപ്പും പറയണം’ -തരൂർ പ്രതികരിച്ചു.
ബി.ജെ.പിയുടെ ആരോപണത്തിനു പിന്നാലെ, യു.എസ് ഗവൺമെന്റിന്റെ ചില ധനസഹായം ഒ.സി.സി.ആർ.പി സമ്മതിച്ചെങ്കിലും ഇതൊരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും മീഡിയ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. ഒ.സി.സി.ആർ.പി.ക്ക് ചെറിയ ധനസഹായം നൽകുമ്പോൾ പോലും യു.എസ് സർക്കാറിന് തങ്ങളുടെ എഡിറ്റോറിയൽ പ്രക്രിയകളിൽ യാതൊരു പങ്കുമില്ലെന്നും ഞങ്ങളുടെ റിപ്പോർട്ടിങ്ങിനുമേൽ ഒരുവിധ നിയന്ത്രണവുമില്ലെന്നും അവർ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.