ജയ്പൂർ: അദാനി വിഷയത്തെക്കുറിച്ച് സംസാരിക്കാൻ കേന്ദ്രസർക്കാരിന് ഭയമാണെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. പാർലമെന്റിൽ അദാനിയെ കുറിച്ച് മിണ്ടിയാൽ നേരത്തെ മൈക്കുകളാണ് ഓഫ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ക്യാമറകളും ഓഫ് ചെയ്യാൻ തുടങ്ങിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് തൊഴിലാളി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
"കുറച്ച് ദിവസം മുമ്പ് ഞാൻ അദാനി വിഷയത്തിൽ പാർലമെന്റിൽ ഒരു പ്രസംഗം നടത്തി. നേരത്തെ ഞങ്ങളുടെ മൈക്കുകൾ ഓഫാക്കിയിരുന്ന അവർ ഇപ്പോൾ ക്യാമറകളും ഓഫ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്റെ ലോക്സഭ അംഗത്വം റദ്ദാക്കി. ഇതാദ്യമായാണ് മാനനഷ്ടക്കേസിൽ ഒരാൾക്ക് പരമാവധി ശിക്ഷ ലഭിച്ചത്. എന്തുകൊണ്ടാണ്? . ബി.ജെ.പി പ്രവർത്തകന്റെ മുന്നിൽ ‘അദാനി’ എന്ന് പറഞ്ഞാൽ മതി, അവൻ ഓടിപ്പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അവരോട് ചോദിക്കൂ, അവർ ഓടിപ്പോകും," രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, വനിതാ സംവരണ ബില്ലിന് പ്രതിപക്ഷം ഉൾപ്പെടെ പച്ചക്കൊടി കാണിച്ചിട്ടും നടപ്പാക്കാതെ വാഗ്ദാനമായി നിലനിർത്തുന്ന ബി.ജെ.പി നിലപാടിനെ രാഹുൽ ഗാന്ധി വിമർശിച്ചു.
"ഇപ്പോൾ ഇന്ത്യയും ഭാരതവും തമ്മിൽ തർക്കം സൃഷ്ടിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഒരു പ്രത്യേക സമ്മേളനം വിളിച്ചതിനാൽ അവർക്ക് കുറച്ച് അജണ്ട ആവശ്യമാണ്. അങ്ങനെ അവർ വനിതാ സംവരണ ബിൽ കൊണ്ടുവരുന്നത്. ഞങ്ങൾ ബില്ലിനെ പിന്തുണച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇത് പഞ്ചായത്ത് സംവിധാനത്തിലേക്ക് കൊണ്ടുവന്നതെന്ന് ഓർക്കണം. മുഴുവൻ പ്രതിപക്ഷവും വനിതാ സംവരണത്തെ പിന്തുണച്ചു. പക്ഷേ ബി.ജെ.പി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് പത്ത് വർഷം കഴിഞ്ഞാണ്. എന്നാൽ, അത് ഇന്ന് തന്നെ നടപ്പിലാക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്." രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ വനിതാ സംവരണം നടപ്പാക്കുമെന്നും ജയ്പൂരിൽ നടന്ന തൊഴിലാളി സമ്മേളനത്തിൽ അദ്ദേഹം വാഗ്ദാനം ചെയ്തു.
2010ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ കാലത്ത് വനിതാ സംവരണ ബിൽ രാജ്യസഭ കടന്നിരുന്നെങ്കിലും ലോക്‌സഭയിൽ അത് പരിഗണിക്കപ്പെടാത്തതിനെ തുടർന്ന് പാഴാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.