ഹൈദരാബാദ്: കർണാടകക്ക് പുറമെ തെലങ്കാനയും പിന്നാലെ തമിഴ്നാടും കേരളവും ആന്ധ്രാപ്രദേശും പിടിക്കുമെന്ന് ആണയിട്ട് ഹൈദരാബാദിൽ രണ്ട് ദിവസമായി നടക്കുന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി സമാപിച്ചു. ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ പാർട്ടിയുടെ ശക്തിപ്രകടനമായി മാറിയ റാലിയോടെയായിരുന്നു ദേശീയ നിർവാഹക സമിതി സമാപനം.
അടുത്ത വർഷം നടക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോവിഡിന് ശേഷം ആദ്യമായി ചേരുന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി ഹൈദരാബാദിലേക്ക് കൊണ്ടുവന്നത്. 18 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഹൈദരാബാദിൽ പാർട്ടിയുടെ ഉന്നത തല യോഗം നടക്കുന്നത്.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ ശക്തമായ ആക്രമണം നടത്തി തെലങ്കാനക്കായി പ്രത്യേക പ്രസ്താവന തന്നെ പുറത്തിറക്കിയ നിർവാഹക സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും തെലങ്കാനയെ ലക്ഷ്യംവെച്ചായിരുന്നു. പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മോദിയുടെ റാലിക്ക് 10 ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നായിരുന്നു സംസ്ഥാന നേതാക്കൾ അവകാശപ്പെട്ടിരുന്നത്. റാലിക്ക് ജനത്തെ കൂട്ടുന്നതിനായി തെലങ്കാനയിലെ 119 നിയമസഭ മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം ഏകോപിപ്പിച്ചു. തീവ്ര ഇടത് സ്വാധീനമുള്ള ഖമ്മം മേഖലയിൽ റാലി സംഘാടനത്തിന് കേരളത്തിലെ ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനെയാണ് ഇറക്കിയത്. സമാപന റാലിക്ക് പ്രവർത്തകരെ എത്തിക്കുകയെന്നതിലുപരി നിയമസഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ പൂർണ സജ്ജമാക്കാൻ നേരത്തെ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമാകുകയും 2024ൽ കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യുകയെന്ന ആദ്യകണക്കുകൂട്ടലിനപ്പുറം ഭരണം തന്നെ പിടിക്കുമെന്ന അവകാശവാദമാണ് പാർട്ടി ഇപ്പോൾ നടത്തുന്നത്.
ദേശീയ നിർവാഹക സമിതിയിലെ സമാപന സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലും കേരളത്തിലും പശ്ചിമബംഗാളിലും പാർട്ടിക്കു വേണ്ടി പ്രവർത്തകർ കാണിക്കുന്ന ധീരതയെ പ്രശംസിച്ചു. കടുത്ത പ്രയാസങ്ങൾ നേരിട്ടിട്ടും ഈ സംസ്ഥാനങ്ങളിലെ പ്രവർത്തകർ ആദർശത്തിൽ അടിയുറച്ച് നിൽക്കുകയാണെന്ന് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.