ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോൾ നാലിടത്ത് ബി.ജെ.പി ജയിച്ചു. ടി.ആർ.എസും ആർ.ജെ.ഡിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും ഓരോ സീറ്റ് വീതം സ്വന്തമാക്കി.
ഉത്തർപ്രദേശിലെ ഗോല ഗോകർനാഥ്, ബിഹാറിലെ ഗോപാൽഗഞ്ച്, ഒഡിഷയിലെ ധാംനഗർ സീറ്റുകൾ നിലനിർത്തിയ ബി.ജെ.പി ഹരിയാനയിലെ ആദംപുർ കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തു. ബിഹാറിലെ മൊകാമയിൽ ആർ.ജെ.ഡിയും തെലങ്കാനയിലെ മുനുഗോഡയിൽ ടി.ആർ.എസും മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയുമാണ് ജയിച്ചത്.
ബി.ജെ.പി എം.എൽ.എ അരവിന്ദ് ഗിരി മരിച്ചതിനെ തുടർന്ന് ഒഴിവുവന്ന ഉത്തർപ്രദേശിലെ ഗോല ഗോകർനാഥിൽ മകൻ അമൻ ഗിരിയാണ് 34,298 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ഹരിയാനയിലെ ആദംപുരിൽ കോൺഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്‍ണോയി രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി.ജെ.പിക്കായി മത്സരിച്ച കുൽദീപിന്റെ മകൻ ഭവ്യ ബിഷ്‍ണോയി 16,606 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
ബിഹാറിലെ മൊകാമയിൽ ആർ.ജെ.ഡിയുടെ നീലം ദേവി 16,741 വോട്ടിന്റെയും ഗോപാൽ ഗഞ്ചിൽ ബി.ജെ.പിയുടെ കുസും ദേവി 1794 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രമേശ് ലഡ്കെ മരിച്ചതിനെ തുടർന്ന് ഒഴിവുവന്ന മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ഭാര്യ രുതുജ ലഡ്കെയാണ് ഉദ്ധവ് താക്കറെയുടെ ശിവസേനക്കായി 66,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്.
തെലങ്കാനയിലെ മുനുഗോഡയിൽ ടി.ആർ.എസിന്റെ കുഷ്കന്ത്‍ല പ്രഭാകർ റെഡ്ഡി 2169 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഒഡിഷയിലെ ധാംനഗറിൽ ബി.ജെ.പിയുടെ സൂര്യബൻഷി സൂരജ് 4,845 വോട്ടിന്റെ ഭൂരിപക്ഷത്തിലും നിയമസഭയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.