ഗുഡ്ഗാവിലെ ജുമുഅ നടന്നിരുന്ന സ്ഥലത്ത് പൂജ; പ​ങ്കെടുത്ത്​ കപിൽ മിശ്ര

ഹരിയാനയിലെ ഗുഡ്ഗാവില്‍ ജുമുഅ നമസ്‌കാരം നടന്നിരുന്ന സ്ഥലത്ത് ഗോവർധൻ പൂജ നടത്തി സൻയുക്ത്​ ഹിന്ദു സംഘർഷ്​ സമിതി. ബി.ജെ.പി നേതാവ്​ കപിൽ മിശ്രയടക്കം വിവിധ പ്രാദേശിക നേതാക്കൾ ചടങ്ങിൽ പ​ങ്കെടുത്തു. ഹൈന്ദവസംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന്​ ഗുഡ്​ഗാവിൽ നമസ്​കാര സ്ഥലങ്ങൾക്കുള്ള അനുമതി ജില്ലാ ഭരണകൂടം പിൻവലിച്ചിരുന്നു. ​െവള്ളിയാഴ്ച പ്രാർഥനക്കായി അനുമതിയുള്ള 37 സ്ഥലങ്ങളിൽ എ​ട്ടെണ്ണത്തിന്‍റെ അനുമതിയായിരുന്നു​ പിൻവലിച്ചത്​.

​ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തിൽ നമസ്​കാര സ്ഥലങ്ങൾക്ക്​ മുന്നിൽ പ്രതിഷേധം നടന്ന സാഹചര്യത്തിലായിരുന്നു​ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. നമസ്​കാരം പള്ളിയിലോ ഈദ്​ ഗാഹിലോ സ്വകാര്യ സ്ഥലത്തോ നടത്താമെന്നാണ്​​ ജില്ലാ ഭരണകൂടം അറിയിച്ചത്​.

ചടങ്ങിൽ പ​ങ്കെടുത്ത കപിൽ മിശ്രയുടെ വാക്കുകൾ

ഇന്നലെ ദീപാവലി ദിനത്തിൽ, രാജ്യത്തുടനീളമുള്ള ഹിന്ദുക്കൾക്ക് നേരെ ധാരാളം ഉത്തരവുകളും ശാസനകളും അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു. പിന്നെ എന്തായിരുന്നു ഫലം? എത്രത്തോളം അടിച്ചമർത്തിയാലും പീഡിപ്പിച്ചാലും ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന ആളുകളാണ്​. എന്നാൽ, ഞങ്ങളെ ഭിത്തിയിലേക്ക്​ തള്ളിയിട്ടാൽ അതിന്​ മറുപടിയായി ഒരു തവണ തിരിച്ചു തള്ളണം. 

'രാഷ്​ട്രീയത്തിന്​ വേണ്ടി റോഡുകൾ ഉപയോഗിക്കരുത്​. ഷഹീൻ ബാഗിൽ നാമത്​ കണ്ടതാണ്​. വഴികളെല്ലാം തടഞ്ഞ് അവർ തമാശ നടത്തിയിരുന്നു. എന്നാൽ, CAA അസാധുവാക്കിയോ? ധമനികളും ഞരമ്പുകളും, തടഞ്ഞാൽ, ശരീരത്തിന്റെ ചലനങ്ങൾ നിന്നുപോകും. അതുപോലെ, റോഡുകൾ തടഞ്ഞാൽ, നഗരവും രാജ്യവും നിലക്കും.

"ഭരണഘടനയിൽ എല്ലാവർക്കും തുല്യാവകാശമുണ്ട്. റോഡ് തടയുന്നത് ആരുടെയും മതത്തിന്റെ ഭാഗമാകരുത്​. അത് സംഭവിക്കാൻ പാടില്ല. ലോകമെമ്പാടും അറിയപ്പെടുന്ന ഒരു മെട്രോപൊളിറ്റൻ നഗരമാണ് ഗുഡ്ഗാവ്. ഇവിടെ നിങ്ങൾ റോഡുകൾ തടയും. ഡൽഹിയിൽ അതുപോലെ തടയുമോ? ഇതൊന്നും മതത്തിന്റെ ഭാഗമാകാൻ പാടില്ല...

'രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്താനും തകർക്കാനുമുള്ള ഒരു മാർഗമാണിത്. റോഡുകളുടെ ആദ്യ അവകാശം അതിലൂടെ നടക്കുന്നവർക്കാണ്​​. അതായത്​ ബിസിനസ്​ സ്ഥാപനങ്ങൾ, ഓഫീസുകൾ​, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയിൽ എത്തിച്ചേരാൻ ഉപയോഗിക്കുന്നവർക്കാണ്​. പ്രദേശവാസികൾ എതിർപ്പ് ഉന്നയിച്ചാൽ, റോഡിൽ ഇരുന്ന്​ തടയാൻ ആർക്കും ഭരണഘടനാപരമായ അവകാശമില്ല. ഇതിനൊരു അവസാനമില്ല. പുറത്തുനിന്നുള്ള ആളുകൾ വരെ ഇവിടെ വന്ന് പ്രാർത്ഥിക്കുന്നു, " 

[Image: Al Jazeera]

"ആളുകൾ അവരുടെ മതപരമായ സ്ഥലങ്ങളിൽ പ്രാർത്ഥിക്കണമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്ത്, വഖഫ് ബോർഡുകൾക്കാണ് ഏറ്റവും കൂടുതൽ ഭൂമിയുള്ളത്... അവിടെ പ്രാർത്ഥിക്കാൻ നിങ്ങൾ ക്രമീകരണം ചെയ്യുക. ഇത്​ ഗുഡ്ഗാവിലെ മാത്രം വിഷയമല്ല. മറ്റുള്ള പലരും അതിൽ വിഷമിക്കുന്നുണ്ട്​. ഇത് (പൂജ) ചെയ്യുന്നതിലൂടെ, നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ മറ്റുള്ളവർക്ക് പ്രചോദനം ലഭിക്കും.

എല്ലാ ആഴ്ചയും റോഡുകൾ തടയുന്നത് അസാധ്യമാണ്, ലോകത്തെവിടെയും ഇത് സ്വീകാര്യമല്ല. ഇത് അനുവദിക്കില്ല. ആളുകളെ സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോകുന്നത് തടയുന്നത് ഒരു ബദലല്ല.

"ഈ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ... ഈ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാടിയ ആളുകളെ ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഇതാണ് യഥാർത്ഥ സ്വാതന്ത്ര്യ പോരാട്ടം (ആസാദി). അല്ലാതെ ആസാദി മുദ്രാവാക്യങ്ങൾ വിളിച്ചുകൂവലല്ല. റോഡിലൂടെ സ്വതന്ത്രമായി നടക്കാൻ നമുക്ക് സ്വാതന്ത്ര്യം വേണം- കപിൽ മിശ്ര കൂട്ടിച്ചേർത്തു.

രണ്ട് മാസത്തോളമായി ഗുഡ്ഗാവിലെ വിവിധ സ്ഥലങ്ങളിൽ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ജുമുഅ തടസ്സപ്പെടുത്തി സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്. പൊലീസ്​ സംരക്ഷണത്തോടെ ജുമുഅ നടന്ന സ്ഥലങ്ങളിൽ പോലും ആയുധങ്ങളുമായി എത്തി ഹിന്ദുത്വവാദികൾ ആക്രമണം നടത്തിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ ജുമുഅ നമസ്കാരം തടസ്സപ്പെടുത്താൻ ശ്രമിച്ച 30 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. വിവിധ ഹൈന്ദവ സംഘടനകളിൽപ്പെട്ടവരാണ് ജുമുഅ നമസ്കാരം തടസ്സപ്പെടുത്താൻ രംഗത്തെത്തിയത്. ഗുരുഗ്രാമിലെ പൊതു സ്ഥലത്ത് നമസ്കരിക്കുന്നത് ചോദ്യം ചെയ്താണ് ഹൈന്ദവ സംഘടനകൾ എത്തിയത്.

[Image: Al Jazeera]

ഗുരുഗ്രാമിലെ 37 പൊതു ഇടങ്ങളിൽ വെള്ളിയാഴ്ച നമസ്കാരത്തിനുള്ള സൗകര്യം 2018ൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. അന്ന് മുതൽ നമസ്കാരം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് പതിവായതിനാൽ സെക്ടർ 12ൽ നമസ്കാരം നടക്കുന്നിടത്ത് വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 'ജയ് ശ്രീറാം ', 'ദാരത് മാതാ കീ ജയ് ' മുദ്രാവാക്യങ്ങൾ വിളിച്ച് ഹൈന്ദവ സംഘടന പ്രവർത്തകർ തടിച്ചു കൂടി. തുടർന്നാണ് 30 പേരെ കരുതൽ തടവിലാക്കിയത്.

"രണ്ട് വർഷത്തിലേറെയായി ഗുരുഗ്രാമിലെ നിർദിഷ്ട ഇടങ്ങളിൽ മുസ്‌ലിമുകൾ ജുമുഅ നമസ്കരിക്കുന്നുണ്ട്. അന്നു മുതൽ ഇത് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ക്രമസമാധാന നില തകർക്കരുതെന്ന് പലവട്ടം ഹൈന്ദവ സംഘടനകളോട് ആവശ്യപ്പെട്ടതാണ്. തുടരെ തുടരെ മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ചതോടെയാണ് മുൻകരുതൽ നടപടി എന്ന നിലയിൽ ചിലരെ 'കരുതൽ തടവിലാക്കിയത് " - ഗുരുഗ്രാം സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അങ്കിത ചൗധരി പറഞ്ഞു.

Tags:    
News Summary - BJPs Kapil Mishra attends the puja at Gurgaon namaz site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.