ന്യൂഡൽഹി: ‘ചന്ദ്രയാൻ മൂന്നിന്റെ വിജയം’ സംബന്ധിച്ചായിരുന്നു ഇന്ത്യയുടെ ലോക്സഭയിൽ വ്യാഴാഴ്ച അർധരാത്രിവരെ നീണ്ട ചർച്ച. സൻസദ് ടി.വി തത്സമയം ഇത് കാണിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ രാത്രി 10.54ന് ബി.ജെ.പി നേതാവും ഡൽഹി എം.പിയുമായ രമേശ് ബിധുരിയുടെ ഊഴമെത്തി. തെറിവാക്കുകളും മുസ്‍ലിംവിരുദ്ധ വിദ്വേഷ പ്രയോഗങ്ങളുമായി പാർലമെന്റിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രസംഗമാണ് അയാൾ അവിടെ നടത്തിയത്.
ബി.എസ്.പി അംഗം കുൻവർ ഡാനിഷ് അലിക്കെതിരെയായിരുന്നു കേട്ടാലറക്കുന്ന വംശീയാധിക്ഷേപം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു നായെപ്പോലെ മരിക്കണമെന്നാണ് ചിലരുടെ ആഗ്രഹ’മെന്ന് ബിധുരി പ്രസംഗത്തിൽ പറഞ്ഞപ്പോൾ ‘എന്താണ് ബഹുമാന്യനായ പ്രധാനമന്ത്രിയെ താങ്കൾ ഇങ്ങനെ ആക്ഷേപിക്കുന്ന’തെന്ന് ചോദിച്ച് ഡാനിഷ് അലി ഇടപെട്ടപ്പോഴാണ് വംശീയാധിക്ഷേപം തുടങ്ങിയത്. ഭീകരവാദി, തീവ്രവാദി (ആതങ്ക് വാദി, ഉഗ്രവാദി) എന്ന് ആവർത്തിച്ച് ഡാനിഷ് അലിയെ വിളിച്ചുകൊണ്ടിരുന്ന ബിധുരി ചേലാകർമം നടത്തിയവൻ (കട് വ), മുസ്‍ലിം തീവ്രവാദി (മുല്ല ആതങ്കവാദി), കൂട്ടിക്കൊടുപ്പുകാരൻ (ഭഡ്‍വ) എന്നൊക്കെ വിളിച്ചതിനൊടുവിൽ ഈ മുല്ലയെ പുറത്തേക്കെറിയൂ എന്നും ആവശ്യപ്പെട്ടു. ബിധുരിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിച്ച് എഴുന്നേറ്റ ഡാനിഷ് അലിയോട് ചെയറിലുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് ഇരിക്കാൻ ആവശ്യപ്പെട്ടു.
രമേശ് ബിധുരിയുടെ വിദ്വേഷവാക്കുകൾ സഭാ നടപടികളിൽനിന്ന് നീക്കിയ ലോക്സഭ സ്പീക്കർ ഓം ബിർള നടപടി താക്കീതിലൊതുക്കി. എം.പിയെ അറസ്റ്റുചെയ്യണമെന്നും പാർലമെന്റിൽനിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം മുറവിളികൂട്ടിയതിനു പിന്നാലെ ബിധുരിക്ക് ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് നൽകി.
പ്രതിപക്ഷ എം.പിമാരും പ്രതിഷേധമുയർത്തിയതിനെ തുടർന്ന് എം.പിയുടെ പരാമർശങ്ങൾ പ്രതിപക്ഷത്തെ വേദനിപ്പിച്ചെങ്കിൽ ക്ഷമാപണം നടത്തുകയാണെന്ന് ലോക്സഭ ഉപനേതാവും കേന്ദ്ര പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിങ് സഭയിൽ പറഞ്ഞു. പരാമർശം താൻ കേട്ടിട്ടില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. എന്നാൽ, രാജ്നാഥ് സിങ്ങിന്റെ അർധ മനസ്സോടെയുള്ള ക്ഷമാപണം സ്വീകാര്യമല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. അത് കണ്ണിൽ പൊടിയിടൽ മാത്രമാണ്. ബിധുരി പറഞ്ഞത് ഇന്ത്യൻ പാർലമെന്റിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അങ്ങേയറ്റം നാണക്കേടാണെന്നും പറഞ്ഞ എ.ഐ.സി.സി മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് എന്നിട്ടും എന്തുകൊണ്ടാണ് അയാളെ സഭയിൽനിന്ന് പുറത്താക്കാത്തതെന്ന് ചോദിച്ചു.
ഇനിയും ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് താക്കീത് നൽകി വിഷയം അവസാനിപ്പിച്ച സ്പീക്കർ ഓം ബിർള സഭാരേഖകളിൽനിന്ന് ആ പ്രസംഗഭാഗങ്ങൾ നീക്കി. എന്നാൽ, അതുകൊണ്ടായില്ലെന്നും വിഷയം സഭയുടെ അവകാശ ലംഘന കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഡാനിഷ് അലി സ്പീക്കർക്ക് പരാതി നൽകി. സംഭവം വെള്ളിയാഴ്ച വൻ വിവാദമാകുകയും പ്രതിപക്ഷം ഒന്നടങ്കം നടപടി ആവശ്യപ്പെടുകയും ചെയ്തതിനെതുടർന്ന് ഉച്ചയോടെയാണ് രമേശ് ബിധുരിക്ക് ബി.ജെ.പി നോട്ടീസ് അയച്ചത്. വിദ്വേഷപ്രസംഗത്തിന് ബിധുരിയെ അറസ്റ്റു ചെയ്യണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
ന്യൂഡൽഹി: പാർലമെന്റിൽ തനിക്കെതിരെ വംശീയാധിക്ഷേപം നടത്തിയ രമേശ് ബിധുരിക്കെതിരായ പരാതി ലോക്സഭ നടപടിച്ചട്ടം 227 പ്രകാരം അവകാശലംഘന കമ്മിറ്റിക്ക് വിടണമെന്ന് എം.പി കുൻവർ ഡാനിഷ് അലി ആവശ്യപ്പെട്ടു. നീതി കിട്ടുമെന്നും സ്പീക്കർ നടപടി എടുക്കുമെന്നും വിശ്വാസമുണ്ട്. ഇല്ലെങ്കിൽ ലോക്സഭാംഗത്വം രാജിവെക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും പരാതി നൽകിയ ശേഷം ഡാനിഷ് അലി പറഞ്ഞു. ബിധുരിക്കെതിരായ പരാതിയുമായി സ്പീക്കർ ഓം ബിർലയെ കാണാൻ എത്തിയ ഡാനിഷ് അലിക്ക് ഏറെ നേരം കാത്തിരുന്നിട്ടും അതിന് സാധിച്ചില്ല. തുടർന്ന് പരാതി സ്പീക്കറുടെ ഓഫിസിലേൽപിച്ച് മടങ്ങുകയായിരുന്നു.
അങ്ങേയറ്റം മോശവും അധിക്ഷേപകരവുമായ വാക്കുകളാണ് ബി.ജെ.പി എം.പി ഉപയോഗിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കിയ ഡാനിഷ് അലി, തനിക്കെതിരെ പ്രയോഗിച്ച വിദ്വേഷ വാക്കുകളും നിരത്തി.
ന്യൂഡൽഹി: ബി.ജെ.പി നേതാവ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ ഹീനമായ വംശീയാധിക്ഷേപം നടത്തിക്കൊണ്ടിരിക്കുമ്പോൾ ചെയറിലുണ്ടായിരുന്ന കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷ് അത് തടഞ്ഞില്ല. ഡാനിഷ് അലി ശക്തമായി പ്രതിഷേധിച്ചപ്പോൾ താൻ പരിശോധിച്ച് സഭാരേഖകളിൽനിന്ന് നീക്കുമെന്ന് മറുപടി നൽകിയ കൊടിക്കുന്നിൽരമേശ് ബിധുരിയെ വിദ്വേഷപ്രസംഗം തുടരാൻ അനുവദിക്കുകയും ചെയ്തു.
രമേശ് ബിധുരി സംസാരിക്കുമ്പോൾ ചെയറിലുണ്ടായിരുന്നത് കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു. പാർലമെന്റിന് നിരക്കാത്ത പദപ്രയോഗങ്ങൾ നടത്തുന്നവരെ സാധാരണഗതിയിൽ ചെയർ ഇടപെട്ട് അപ്പോൾത്തന്നെ താക്കീത് ചെയ്യും. ഇത് തുടർന്നാൽ മൈക്ക് ഓഫ് ചെയ്യും. തെറിവാക്കുകൾ വിളിക്കുന്നത് എഴുന്നേറ്റ് ചോദ്യംചെയ്ത അലിയോട് ഇരിക്കാൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കൊടിക്കുന്നിൽ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞ രമേശ് ബിധുരിയുടെ മൈക്ക് ഓഫ് ചെയ്തുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.