സി​ദ്ധ​രാ​മ​യ്യ

'അന്വേഷണം നേരിടാൻ മടിയില്ല, മുമ്പും പകപോക്കലിന് ഇരയായിട്ടുണ്ട്'; കോടതി വിധിയിൽ​ പ്രതികരിച്ച് സിദ്ധരാമയ്യ

ബംഗളൂരു: ഭൂമി അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ശരിവെച്ച ഹൈകോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യാജ ആരോപണമാണ് ബി.ജെ.പി തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി കോൺഗ്രസ് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ തടയുകയാണ് ഇതിലൂടെ ബി.ജെ.പിയും ജെ.ഡി.എസും ലക്ഷ്യമിടുന്നത്.

വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആരോക്കെയാണെന്ന് ജനങ്ങളോട് നോക്കാൻ താൻ ആവശ്യപ്പെടുകയാണ്. അന്വേഷണം നേരിടാൻ തനിക്കൊരു മടിയുമില്ല. നിയമം അനുസരിച്ച് അത്തരമൊരു അന്വേഷണത്തിന് സാധുതയുണ്ടോയെന്ന് പരിശോധിക്കണം. ഇക്കാര്യം നിയമവിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ വീഴ്ത്താൻ കാലങ്ങളായി ബി.ജെ.പി ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിൽ തോറ്റതിൽ ബി.ജെ.പിക്ക് കടുത്ത നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ജനങ്ങൾ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നൽകിയില്ല. ഇത്തരം സ്ഥലങ്ങളിൽ ഓപ്പറേഷൻ കമലയിലൂടെ അധികാരത്തിലെത്താനാണ് ബി.ജെ.പി ശ്രമിക്കാറ്. എന്നാൽ, 136 പേരുടെ പിന്തുണയുള്ളതിനാൽ ബി.ജെ.പിക്ക് അതിനും സാധിച്ചില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 40 വർഷത്തെ രാഷ്ട്രീയത്തിനിടയിൽ ഇത്തരത്തിലുള്ള പ്രതികാര-ഗൂ​ഢാലോചന രാഷ്ട്രീയത്തെ താൻ നിരവധി തവണ നേരിട്ടിട്ടുണ്ട്. ജനങ്ങളുടെ അനുഗ്രഹത്തോടെ അതിനെയെല്ലാം മറികടക്കാൻ തനിക്ക് കഴിഞ്ഞുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ(എം.യു.ഡി.എ) ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് തിരിച്ചടി. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹർജി കോടതി തള്ളി.

സാധാരണ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

പ്രദീപ് കുമാർ, ടി.ജെ. എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്ന് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ​ഗവർണർ വിചാരണക്ക് അനുമതി നൽകിയത്.

എന്നാൽ താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ തവർ ചന്ദ് ഗെഹ്‍ലോട്ടിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹർജി. ഇത് തള്ളിയാണ് കോടതിയുടെ ഉത്തരവ് പുറത്ത് വന്നത്. 

Tags:    
News Summary - BJP's revenge politics Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.