കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിലൂടെ കടന്നുപോകുകയാണ്. യാത്രക്കിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഒരു ബാലനെ ശരിയായി പഞ്ച് ചെയ്യാൻ പഠിപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
യാത്രക്കിടെ ഒരു കരാട്ടെ ബാലനുമായി സൗഹൃദം പങ്കിടുന്നതാണ് 23 സെക്കൻഡുള്ള വിഡിയോയിലുള്ളത്. ബാലന്‍റെ പഞ്ചുകൾ രാഹുൽ കൈകൊണ്ട് തടുക്കുന്നുണ്ട്. ഇതിനിടെ ശരിയായി പഞ്ച് ചെയ്യാനുള്ള വിദ്യയും രാഹുൽ ബാലനെ പഠിപ്പിക്കുന്നുണ്ട്. ജാപ്പനീസ് മാർഷ്യൽ ആർട്സിൽപെടുന്ന 'അക്കിഡോ'യിൽ രാഹുലിന് ബ്ലാക്ക് ബെൽറ്റുണ്ട്. കോൺഗ്രസിന്‍റെ ട്വിറ്റർ ഹാൻഡിലിലാണ് ഇതിന്‍റെ വിഡിയോ ആദ്യം പുറത്തുവന്നത്.
'ടെക്‌നിക്ക് തെറ്റിയാൽ രാജ്യം നാശത്തിന്റെ പാതയിലേക്ക് പോകും. ഇത് കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ചോദ്യമാണ്. രാഹുൽ ഗാന്ധി ഒരു കുട്ടിക്ക് ശരിയായ വിദ്യ കാണിച്ചുകൊടുക്കുകയാണ്' എന്ന കുറിപ്പോടെയാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. കൂടാതെ, ആന്ധ്ര പ്രദേശ്, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിലെ പരമ്പരാഗത ആദിവാസി കലാരൂപമായ 'ധിംസ' നർത്തകരോടൊപ്പവും രാഹുൽ ചുവടുവെച്ചു.
വ്യാഴാഴ്ച രാവിലെ പടഞ്ചേരു നഗരത്തിൽനിന്ന് ആരംഭിച്ച യാത്ര വൈകീട്ട് ശിവംപേട്ടിൽ അവസാനിക്കും. ഒക്ടോബർ 23നാണ് യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.