ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ (ഐ.ഡി.എസ്) പുറത്തുവന്നത് 65,250 കോടി രൂപയുടെ കള്ളപ്പണം. സെപ്റ്റംബര്‍ 30ന് അവസാനിച്ച നാലുമാസത്തെ പദ്ധതിയില്‍ 64,275 പേരാണ് കള്ളപ്പണം വെളിപ്പെടുത്തിയതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഓണ്‍ലൈനായും നേരിട്ടും സമര്‍പ്പിച്ച വെളിപ്പെടുത്തലുകള്‍ പൂര്‍ണമായി പരിശോധിച്ചു കഴിയുമ്പോള്‍ എണ്ണം കൂടാമെന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ വെളിപ്പെടുത്തിയ 65,250 കോടി രൂപയില്‍ 45 ശതമാനം നികുതിയും പിഴയുമായി സര്‍ക്കാറിന് ലഭിക്കും. ഏകദേശം 30,000 കോടിയുടെ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍പേഴ്സന്‍ റാണി.എസ്.നായര്‍ പറഞ്ഞു. സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തി 45 ശതമാനം നികുതിയും പിഴയും അടച്ച് ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാകുന്നതിനാണ് സര്‍ക്കാര്‍ ഒറ്റത്തവണ വെളിപ്പെടുത്തല്‍ പദ്ധതി കൊണ്ടുവന്നത്.
അതേസമയം, ഒറ്റത്തവണ വെളിപ്പെടുത്തല്‍ പദ്ധതി 1997ലേതുപോലെ പൊതുമാപ്പ് പദ്ധതിയല്ളെന്ന് ജെയ്റ്റ്ലി പറഞ്ഞു. 1997ലെ സ്വമേധയാ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 9760 കോടി രൂപയാണ് നികുതിയായി സര്‍ക്കാറിന് ലഭിച്ചത്. ഏഴുലക്ഷം വെളിപ്പെടുത്തലുകളാണ് അന്നുണ്ടായത്.
വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ ലഭിച്ച നികുതി കേന്ദ്ര സംയോജിത നിധിയിലേക്ക് മാറ്റുമെന്നും ജനങ്ങളുടെ പൊതുവായ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. വരുമാനം സ്വയം വെളിപ്പെടുത്തല്‍ പദ്ധതി അവസാനിച്ചതോടെ നിരവധി അന്വേഷണങ്ങളാണ് നികുതിദായകരില്‍നിന്ന് ഉയര്‍ന്നുവന്നത്. ഹ്രസ്വമായ സമയത്തിനുള്ളില്‍ നികുതി ഒടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ മൂന്നുതവണയായി നികുതി അടക്കാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
നികുതിയുടെ 25 ശതമാനം 2016 നവംബറിനകവും അടുത്ത 25 ശതമാനം 2017 മാര്‍ച്ചിനകവും അടക്കാം. ശേഷിക്കുന്ന 50 ശതമാനം നികുതി 2017 സെപ്റ്റംബറിനു മുമ്പായി അടച്ചാല്‍മതി. സമാന്തര സാമ്പത്തിക വ്യവസ്ഥയെ മുഖ്യസാമ്പത്തിക വ്യവസ്ഥയിലേക്ക് യോജിപ്പിക്കാനുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. നികുതിപിരിവ് വ്യാപിപ്പിക്കുന്നതിന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നികുതിദായകരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനം നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു.
നികുതി സമാഹരണത്തോട് സഹകരിച്ച മുഴുവനാളുകളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
തട്ടുകടക്കാര്‍ വെളിപ്പെടുത്തിയത് 50 കോടിയുടെ വരുമാനം
മുംബൈ: സാമ്പത്തികകേന്ദ്രമായ മുംബൈ നഗരത്തിലെ തട്ടുകടക്കാര്‍ വെളിപ്പെടുത്തിയത് 50 കോടിയുടെ കണക്കില്‍പെടാത്ത സമ്പാദ്യം. കേന്ദ്ര സര്‍ക്കാറിന്‍െറ ആദായം വെളിപ്പെടുത്തല്‍ പദ്ധതിപ്രകാരമാണിത്. തട്ടുകടക്കാരുടെ പണവും വസ്തുവകകളുമായി 50 കോടി രൂപയിലേറെയാണ് വെളിപ്പെടുത്തപ്പെട്ടത്. ഇതിലൂടെ 22.5 കോടി രൂപയുടെ നികുതിയാണ് സര്‍ക്കാറിന് ലഭിക്കുക.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ താണെ, അന്ധേരി, ഗാഡ്കൂപ്പര്‍, ദക്ഷിണ മുംബൈ തെരുവുകളിലെ 200 ഓളം തട്ടുകടകളില്‍ റെയിഡ് നടത്തിയതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. ഗാഡ്കൂപ്പറിലെ ജൂസുകടക്കാരന്‍ അഞ്ച് കോടിയുടെ വരുമാനമാണ് വെളിപ്പെടുത്തിയത്. ചൈനീസ് അടക്കമുള്ള ഭക്ഷണം, ജിലേബി, വടാപാവ്, ജൂസ് തുടങ്ങിയ കച്ചവടക്കാരാണിവര്‍. ആദായം വെളിപ്പെടുത്തല്‍ പദ്ധതിപ്രകാരം കണക്കില്‍പ്പെടാത്ത വരുമാനം വെളിപ്പെടുത്തേണ്ട അവസാന ദിവസം വെള്ളിയാഴ്ചയായിരുന്നു. മുംബൈയില്‍നിന്നുമാത്രം 5,000 കോടി രൂപയുടെ വെളിപ്പെടുത്തലാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.