മുംബൈ: കർഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര സെലിബ്രിറ്റികളുടെ ട്വീറ്റുകൾക്കെതിരായ സോഷ്യൽ മീഡിയ കാമ്പയിനിൽ അണിനിരത്തി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിനെയും ഇതിഹാസ ഗായിക ലത മങ്കേശ്കറിനെയും ട്രോൾ കഥാപാത്രങ്ങളാക്കിയതിന് കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ.
സചിനെയും ലത മങ്കേഷ്കറിനെയും പോലുള്ള വലിയ വ്യക്തികളെ അവരുടെ പ്രശസ്തി അപകടത്തിലാക്കുന്ന തരത്തിൽ ഈ വിഷയത്തിൽ പിന്തുണച്ച് ട്വീറ്റ് ചെയ്യാൻ സർക്കാർ ആവശ്യപ്പെടരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കർഷക സമരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെയാണെന്നും മറിച്ച് രാജ്യതാൽപര്യങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'അവരുടെ പ്രശസ്തി അപകടത്തിലാക്കുന്ന തരത്തിൽ സചിനെയും ലത മങ്കേഷ്കറിനെയും പോലുള്ള വലിയ വ്യക്തികളെ ഈ വിഷയത്തിൽ പിന്തുണച്ച് ട്വീറ്റ് ചെയ്യാനും സർക്കാർ ആവശ്യപ്പെടരുതായിരുന്നു. അവർ ഭാരതരത്‌ന ജേതാക്കളാണ്. അക്ഷയ് കുമാറിനെ പോലുള്ള നടൻമാർ മതിയായിരുന്നു ഇക്കാര്യത്തിന്' -രാജ് താക്കറെ പറഞ്ഞു.
'രാജ്യതാൽപര്യമല്ല മറിച്ച് സർക്കാറിന്‍റെ നയങ്ങളാണ് ഇവിടെ വിഷയം. ചൈനയുമായോ പാകിസ്താനുമായോ ബന്ധപ്പെട്ട വിഷയമായിരുന്നില്ല അത്. അത് കർഷകരുടെ കാര്യമായിരുന്നു. ഭാരതരത്‌ന ജേതാക്കൾ സർക്കാറിനുവേണ്ടി ട്വീറ്റ് ചെയ്തു, ഇപ്പോൾ അവർ ട്രോൾ ചെയ്യപ്പെടുകയാണ്' -അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾക്കെതിരെ ട്വിറ്ററിലൂടെ നിലപാടെടുത്ത ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിനെ ഉപദേശിച്ച് മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ രംഗത്തെത്തിയിരുന്നു. മറ്റൊരു മേഖലയെ കുറിച്ച് സംസാരിക്കുേമ്പാൾ ജാഗ്രത പാലിക്കണമെന്നാണ് പവാർ സചിനെ ഉപദേശിച്ചത്.
കർഷക സമരത്തെ പിന്തുണച്ച പോപ് താരം റിഹാനയുടെ ട്വീറ്റ് വിഷയത്തെ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും വിഷയം ഉയർത്തി. ഇതോടെ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ സിനിമ-ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി കാമ്പയിൻ ആരംഭിക്കുകയായിരുന്നു.
ഇതിൽ അണിചേർന്ന സചിൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു 'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ കാഴ്ചക്കാരായിരിക്കാം. പക്ഷേ പങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഒരുമിച്ചുനിൽക്കാം'.
കർഷകർക്ക് നേരെ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന വേളയിൽ മിണ്ടാതിരുന്ന സചിൻ അടക്കമുള്ള താരങ്ങൾ പെട്ടെന്ന് നിശബ്ദത വെടിഞ്ഞത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഏറ്റവും കൂടുതൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും പാത്രമായത് സചിൻ ആണെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.