ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതിനെതുടർന്ന് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ചെറിയ സ്േഫാടനമാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഇസ്രായേൽ എംബസിക്ക് സമീപം തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് നടന്നത്. നടപ്പാതയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നതെന്നും സമീപത്തെ മൂന്ന് കാറുകളുടെ വിൻഡ്‌സ്ക്രീനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഡൽഹി പോലീസ് അറിയിച്ചു. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ എമ്പസി അധികൃതരുമായി ചർച്ച നടത്തി. സ്ഫോടനത്തെതുടർന്ന് സർക്കാർ ഓഫീസുകൾക്കും മറ്റ് പ്രധാന സ്ഥാപനങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കൂടുതൽ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) അറിയിച്ചു.സംഭവസ്ഥലത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ അബ്ദുൽ കലാം റോഡ് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടക്കുകയും ചെയ്തു.
സൈനികരുടെ ബീറ്റിങ് ദെ റിട്രീറ്റ് ചടങ്ങ് നടക്കുന്ന വിജയ ചൗക്കിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സ്‌ഫോടനം നടന്നത്. ഏറെ സുരക്ഷയുള്ള മേഖലയാണിത്. സ്‌ഫോടകവസ്തു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് എംബസിയിൽനിന്ന് മീറ്ററുകൾ മാത്രം അകലെയുള്ള ജിൻഡാൽ വസതിക്ക് പുറത്തെ നടപ്പാതയിൽ ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.