ന്യൂഡൽഹി: മോദിസർക്കാറിെൻറ തൊഴിൽ, സ്വകാര്യവത്കരണ, ഓഹരിവിൽപന നയങ്ങൾക്കെതിരെ സംഘ്പരിവാർ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) പ്രക്ഷോഭത്തിന്. അഖിലേന്ത്യ തലത്തിൽ അടുത്തമാസം മൂന്നിന് ബി.എം.എസ് പ്രതിഷേധസമരം പ്രഖ്യാപിച്ചു. ഡൽഹിയിൽ ജന്തർ മന്തറിൽ പ്രകടനം നടത്തും. ജില്ല ആസ്ഥാനങ്ങളിലും പ്രതിഷേധം ഉണ്ടാകും. രാജ്യത്തെ ഒട്ടുമിക്ക ഉദ്യോഗവും കരാർ അടിസ്ഥാനത്തിലാക്കുകയോ നിശ്ചിതകാല തൊഴിലാക്കി മാറ്റുകയോ ചെയ്യുകയാണ് സർക്കാറെന്ന് ബി.എം.എസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
തൊഴിൽസുരക്ഷ നഷ്ടമായി. തൊഴിലാളികൾക്ക് ഏതുസമയത്തും തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയായി. കരാർ, നിശ്ചിതകാല, കാഷ്വൽ, പ്രതിദിന, താൽക്കാലിക ജീവനക്കാരെ സ്ഥിരം തൊഴിലാളികളാക്കി മാറ്റണം. അംഗൻവാടി, ആശ, റേഷൻ, ഉച്ചഭക്ഷണ ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കണം.
പൊതുമേഖല സ്ഥാപനങ്ങളാണ് ഇന്ത്യൻ വ്യവസായ ഘടനയുടെ നട്ടെല്ല് എന്നിരിെക്ക, സ്വകാര്യവത്കരണവും ഓഹരിവിൽപനയും അവസാനിപ്പിക്കണം. പ്രതിരോധമേഖലയിലെ കോർപറേറ്റ്വത്കരണത്തെയും എതിർക്കുന്നതായി ബി.എം.എസ് വ്യക്തമാക്കി. റെയിൽവേ സ്വകാര്യവത്കരിക്കരുത്. തൊഴിൽനിയമങ്ങൾ നാലു ചട്ടങ്ങളിലേക്ക് ചുരുക്കിയപ്പോൾ പല അപാകതകളും ഉയർന്നുവന്നതായും ബി.എം.എസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.