ന്യൂഡൽഹി: ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാറിനെതിരെ പ്രക്ഷോഭവുമായി ആർ.എസ്.എസിന്റെ തൊഴിലാളി സംഘടന. ഈ സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ മരവിപ്പിച്ചതിനെതിരെയാണ് പ്രക്ഷോഭമെന്ന് ഭാരതീയ മസ്ദൂർ സംഘ് ( ബി.എം.എസ്) വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ബുധനാഴ്ച ദേശീയ ഭാരവാഹികളുടെ ഓൺലൈൻ യോഗം തൊഴിൽ നിയമങ്ങൾ പിൻവലിക്കുന്നതിനെ ശക്തമായി അപലപിച്ചതായി ബി.എം.എസ് പ്രസ്താവനയിൽ പറഞ്ഞു. “ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യവിരുദ്ധ രാജ്യങ്ങളിൽ പോലും നടപ്പാക്കാത്തതുമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. തൊഴിൽ നിയമങ്ങൾ പിൻവലിക്കുകയും ജോലി സമയം എട്ടിൽ നിന്ന് 12 ആക്കി ഉയർത്തുകയും ചെയ്യുന്നു. ഇതിനെതിരെ ബി.എം.എസ് സ്റ്റേറ്റ് യൂനിറ്റുകൾ മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നു. എന്നാൽ, മധ്യപ്രദേശ് മുഖ്യമന്ത്രി മാത്രമാണ് ഞങ്ങളുടെ പ്രതിനിധി സംഘത്തെ കാണാനുള്ള മര്യാദ കാണിച്ചത്” - ബി.എം.എസ് പ്രസ്താവനയിൽ പറഞ്ഞു.
കോവിഡും ലോക്ഡൗണും അന്തർസംസ്ഥാന തൊഴിലാളികളുടെ ദുരവസ്ഥ രൂക്ഷമാക്കിയതായി സംഘടന ചൂണ്ടിക്കാട്ടി. “മിക്ക സംസ്ഥാനങ്ങളിലും തൊഴിൽ നിയമം പൂർണമായും ലംഘിക്കപ്പെടുകയാണ്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നിവിടങ്ങളിലും ഇതാണവസ്ഥ. ഇതിനെതിരെ പ്രക്ഷോഭമല്ലാതെ മറ്റൊരു മാർഗവുമില്ല ” -പ്രസ്താവനയിൽ പറയുന്നു.
തൊഴിലാളികളുടെ വേതനം, തൊഴിൽ നഷ്ടം, ദുരിതാശ്വാസ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് മേയ് 18 വരെ ജില്ലാ ഭരണാധികാരികൾക്ക് കത്തെഴുതാനും യൂനിറ്റുകളോട് ബി.എം.എസ് ആഹ്വാനം ചെയ്തു. പ്രവൃത്തി സമയം നീട്ടിയതിനും തൊഴിൽനിയമം റദ്ദാക്കുന്നതിനുമെതിരെ സാമൂഹിക അകലം പാലിച്ച് മെയ് 20ന് ജില്ലാ, വ്യാവസായിക എസ്റ്റേറ്റുകളിൽ സമരം നടത്തും. മേയ് 30, 31 തീയതികളിൽ സംസ്ഥാനതലത്തിലും കമ്പനികളിലും കൺവെൻഷനുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.