ഷിരൂർ: ഷിരൂർ കടലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കടലിൽ ഒഴുകുന്ന നിലയിൽ ജീർണിച്ച മൃതദേഹമാണ് കണ്ടെടുത്തത്. ഇത് ആരുടേതാണെന്ന് മനസ്സിലായിട്ടില്ല.
മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അർജുൻ അടക്കം മൂന്നുപേരെ കാണാതായ ഷിരൂർ അങ്കോളയിൽനിന്ന് ആറ് കിലോമീറ്റർ അകലെ ആകനാശിനി ബാഡയിലാണ് മൃതദേഹം കണ്ടത്. അടുത്തിടെ പ്രദേശത്ത് മത്സ്യബന്ധനത്തിനിടെ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. വിശദ പരിശോധന നടത്തിയാൽ മാത്രമേ മൃതദേഹം ആരുടേതാണെന്ന് മനസ്സിലാവുകയുള്ളൂ.
കഴിഞ്ഞ മാസം 26നാണ് ഉത്തരകന്നട ജില്ലയിലെ ഷിരൂർ അംഗോലയിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 11 പേരെ കാണാതായത്. ഇതിൽ ഇതിൽ എട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അർജുൻ അടക്കം മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
അതിനിടെ, കാണാതായവർക്കായി തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ തിങ്കളാഴ്ച കർണാടക ഹൈകോടതിയിൽ അറിയിച്ചിരുന്നു. പ്രതികൂല സാഹചര്യം കാരണമാണ് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചതെന്ന് അഡ്വ. ജനറൽ ശശി കിരൺ ഷെട്ടി കോടതിയെ അറിയിച്ചു. അഭിഭാഷകരായ സിജി മലയിൽ, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ട വേളയിലാണ് സർക്കാറിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.