കുഴൽക്കിണറിൽ വീണയാൾ മരിച്ച സംഭവം; എഫ്.ഐ.ആർ ഫയൽ ചെയ്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹി ജൽ ബോർഡിന്‍റെ (ഡി.ജെ.ബി) മലിനജല സംസ്‌കരണ പ്ലാന്‍റിലെ കുഴൽക്കിണറിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു.

സംഭവത്തിൽ ഇന്നലെ ബി.ജെ.പിയുടെ ഡൽഹി പ്രസിഡന്‍റ് വീരേന്ദ്ര സച്ച്‌ദേവ അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ അശ്രദ്ധയെ ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചിരുന്നു. 'ഈ സർക്കാരിന്‍റെ അശ്രദ്ധമായ സമീപനമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. കുഴൽക്കിണറിൽ വീണു മരിച്ച വ്യക്തിയെ കൃത്യമായി പരിപാലിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒൻപത് വർഷമായി കെജ്‌രിവാൾ ചെയ്തതെല്ലാം പൊതുപണം കൊള്ളയടിക്കലായിരുന്നു' - സച്ച്‌ദേവ പറഞ്ഞു.

അതേസമയം, സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ നഗരത്തിലെ എല്ലാ കുഴൽക്കിണറുകളും 48 മണിക്കൂറിനുള്ളിൽ സീൽ ചെയ്യാൻ ജലമന്ത്രി അതിഷി ചീഫ് സെക്രട്ടറി നരേഷ് കുമാറിന് നിർദേശം നൽകി. സംഭവത്തെക്കുറിച്ച് സമയബന്ധിതമായി അന്വേഷണം നടത്താനും ഉത്തരവാദികളെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കാനും അതിഷി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചു.

ഡൽഹിയിലെ, കേശോപൂർ മലിനജല ശുദ്ധീകരണ പ്ലാന്‍റിലെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിലാണ് അപകടം സംഭവിക്കുന്നത്. ഈ കുഴൽക്കിണർ 2020ൽ ഡൽഹി മെട്രോയ്ക്ക് കൈമാറിയ ഭൂമിയിലായിരുന്നു. ഡൽഹി ജൽ ബോർഡിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതും ഭാവിയിൽ ഡൽഹിയിൽ ഇത്തരം സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമാണ് -അതിഷി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞു.

വികാസ്പുരി പൊലീസ് സ്റ്റേഷനിൽ ഐ.പി.സി സെക്ഷൻ 304 (എ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. സമഗ്രമായ അന്വേഷണത്തിന് ശേഷമേ സംഭവത്തെക്കുറിച്ച് കൂടുതൽ കൃത്യമായ വിവരം നൽകാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Borewell Death Case; Delhi Police has filed an FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.