ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ മാപ്പും അദാനിക്കെതിരെ ജെ.പി.സി അന്വേഷണവും ആവശ്യപ്പെട്ടുള്ള ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങളിൽ തിങ്കളാഴ്ചയും അജണ്ടകളിലേക്ക് കടക്കാനാകാതായതോടെ പാർലമെന്റ് സ്തംഭനം രണ്ടാം വാരത്തിലേക്ക്.
മാർച്ച് 13ന് തുടങ്ങിയ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന്റെ ആദ്യവാരം പൂർണമായും പാഴാക്കിയശേഷം തിങ്കളാഴ്ച വീണ്ടും സമ്മേളിച്ചപ്പോഴും ഇരുസഭകൾക്കും അജണ്ടകളിലേക്ക് കടക്കാനായില്ല. രാവിലെ 11 മണിക്ക് ചേർന്നപ്പോൾ പ്രതിഷേധത്തെത്തുടർന്ന് ആദ്യം ഉച്ചക്ക് രണ്ടുമണിവരെ നിർത്തിവെച്ച ലോക്സഭയും രാജ്യസഭയും പിന്നീട് ചൊവ്വാഴ്ച വരെ പിരിയുകയായിരുന്നു.
ലോക്സഭ തുടങ്ങിയപ്പോൾത്തന്നെ, രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന മുദ്രാവാക്യവുമായി ബി.ജെ.പി എം.പിമാർ എഴുന്നേറ്റു. അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാരും പ്രതിഷേധം തുടങ്ങിയതോടെ, സഭ രണ്ടുമണിവരെ പിരിയുകയാണെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു.
വിവര ശേഖരണം എന്ന പേരിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം അതിഗുരുതരമായതിനാൽ വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു.
രാജ്യസഭയിൽ ചട്ടം 267 പ്രകാരം അജണ്ട സസ്പെൻഡ് ചെയ്തുള്ള ചർച്ചക്കായി കോൺഗ്രസിന്റെ ഒമ്പതടക്കം 14 പ്രതിപക്ഷ എം.പിമാരുടെ നോട്ടീസ് ലഭിച്ചുവെന്നും എല്ലാം തള്ളിയെന്നും ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന കഴിഞ്ഞതും, ഭരണപക്ഷം രാഹുലിന്റെ മാപ്പും പ്രതിപക്ഷം അദാനിക്കെതിരെ അന്വേഷണവും ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങളുമായി രംഗത്തുവന്നു. അതോടെ സഭ രണ്ടുമണിവരെ നിർത്തിവെച്ചതായി ധൻഖർ അറിയിച്ചു. പിന്നീട് രണ്ടുമണിക്ക് ഉപാധ്യക്ഷൻ ഹരിവൻഷ് സഭ നടത്താൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
നിലപാട് വ്യക്തമാക്കാൻ ചൊവ്വാഴ്ച സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമയം അനുവദിച്ചാൽ രാഹുൽ ഗാന്ധി പാർലമെന്റിൽ സംസാരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.