ബംഗളൂരു: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണങ്ങൾക്കിടെ നാട്ടിൽനിന്നു യു.എ.ഇയിലേക്ക് മടങ്ങാൻ ശ്രമിച്ച പ്രമുഖ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത് ചെയർമാനുമായ ബി.ആർ. ഷെട്ടിയെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് തടഞ്ഞതായി റിപ്പോർട്ട്.
ശനിയാഴ്ച പുലർച്ചെയാണ് ബി.ആർ. ഷെട്ടിയെ ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞത്. കമ്പനിയിൽ തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും യു.എ.ഇയിലേക്ക് മടങ്ങിവരുമെന്നും ബി.ആർ. ഷെട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് യു.എ.യിലേക്കുള്ള യാത്രക്കായി ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോൾ തടഞ്ഞതെന്നാണ് വിവരം. ഷെട്ടിയോടൊപ്പം ഉണ്ടായിരുന്ന ഭാര്യയെ അബൂദബിക്കുള്ള വിമാനത്തിൽ പോകാൻ അനുവദിച്ചു.
കോടിക്കണക്കിന് രൂപയുടെ കടബാധ്യതാ കേസ് വന്നതിന് പിന്നാലെയാണ് ബി.ആർ. ഷെട്ടി യു.എ.ഇ വിട്ടത്. ഇതോടെ, അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്ത് യു.എ.ഇ മരവിപ്പിച്ചിരുന്നു. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഉടൻ മടങ്ങുമെന്നുമായിരുന്നു ഷെട്ടി നേരത്തേ അറിയിച്ചിരുന്നത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഷെട്ടി ഇന്ത്യയിലും നിയമനടപടി നേരിടുന്നുണ്ട്. കടബാധ്യതക്ക് പകരമായി 16 വസ്തുവകകൾ നൽകാമെന്ന കരാറിൽനിന്ന് ഷെട്ടി പിന്മാറിയതിനെതിരെ ബാങ്ക് ഒാഫ് ബറോഡയാണ് നിയമനടപടി സ്വീകരിച്ചത്.
ഈ സാഹചര്യത്തിലാവാം ഷെട്ടിയെ ഇന്ത്യയിൽനിന്നു പുറത്തുവിടുന്നത് അധികൃതർ തടഞ്ഞതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.