ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈൽ ഉപയോഗിച്ചുള്ള വ്യോമസേനയുടെ പരീക്ഷണം സമ്പൂർണ വിജയം. സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിൽ നിന്നും തൊടുത്തുവിട്ട മിസൈൽ നാവികസേന ഉപേക്ഷിച്ച കപ്പലിൽ വലിയ 'ദ്വാരം' തീർത്തു. കിഴക്കൻ കടലിലാണ് പരീക്ഷണം നടന്നത്. മിസൈൽ കപ്പലിൽ തീർത്ത 'ദ്വാര'ത്തിന്‍റെ ചിത്രം സേന ട്വീറ്റ് ചെയ്തു.
കൂടാതെ, നാവികസേന യുദ്ധക്കപ്പൽ ഐ.എൻ.എസ് ഡൽഹിയിൽ നിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് മിസൈൽ പരീക്ഷണവും വിജയകരമായിരുന്നു. നവീകരിച്ച മോഡുലാർ ലോഞ്ചർ ഉപയോഗിച്ചാണ് മിസൈലിന്‍റെ കപ്പൽ പ്രതിരോധ പതിപ്പിന്‍റെ പരീക്ഷണം നടത്തിയത്.
ശബ്ദത്തിന്റെ ഏഴിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് ക്രൂസ് മിസൈൽ ആണ് ബ്രഹ്മോസ്. 2016ലാണ് ബ്രഹ്മോസിന്‍റെ വ്യോമപതിപ്പ് 40 സുഖോയ് യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. മാർച്ച് അഞ്ചിന് മിസൈലിന്‍റെ പരിഷ്കരിച്ച പതിപ്പ് ഐ.എൻ.എസ് ചെന്നൈയിൽ നിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു.
ആണവ പോർമുന ഘടിപ്പിക്കാവുന്ന സൂപ്പർ സോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറിൽ 3200 കിലോമീറ്ററാണ് വേഗം. ഡി.ആര്‍.ഡി.ഒയും റഷ്യയുടെ എന്‍.പി.ഒ.എമ്മും ചേർന്നാണ് ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിച്ചത്. 290 കിലോമീറ്റർ ദൂരത്തുള്ള ശത്രുകേന്ദ്രത്തെ തകർക്കാൻ ശേഷിയുള്ള കര, കടൽ, ആകാശ പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.
നിലവിൽ സൈന്യത്തിന്റെ ആയുധശേഖരത്തിന്‍റെ ഭാഗമായ മിസൈലിന്‍റെ പുതിയ പതിപ്പായ 'ബ്രഹ്മോസ് എയർ ലോഞ്ച്ഡ് ക്രൂസ് മിസൈൽ' (എ.എൽ.സി.എം) ബംഗാൾ ഉൾക്കടലിൽ പരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.