മുംബൈ: നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ മുൻ മേധാവി സമീർ വാങ്കഡെക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ (പി.എം.എൽ.എ ) നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു.
മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽനിന്ന് ഒഴിവാക്കാൻ നടൻ ഷാറൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സമീർ വാങ്കഡെക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. ഈ കേസിന് സമാന്തരമായാണ് ഇ.ഡി കേസ്.
ആര്യൻ അറസ്റ്റിലായ മയക്കുമരുന്ന് കേസ് അന്ന് കൈകാര്യം ചെയ്ത ചില എൻ.സി.ബി ഉദ്യോഗസ്ഥരെ ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്. ഇ.ഡി കേസിനെതിരെ സമീർ വാങ്കഡെ ബോംബെ ഹൈകോടതിയെ സമീപിച്ചു.
കേസ് തള്ളണം, ഹരജിയിൽ വിധിവരും വരെ അറസ്റ്റു ചെയ്യരുതെന്ന് ഇടക്കാല ഉത്തരവിടണം എന്നീ ആവശ്യങ്ങളാണ് ഹരജിയിലുന്നയിച്ചത്. ഹരജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
2021ലാണ് കോർഡിയേല ആഡംബര കപ്പലിൽനിന്ന് വാങ്കഡെയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് പിടിച്ചത്. ആര്യൻ ഉൾപ്പെടെ 14 പേരെ അറസ്റ്റുചെയ്തു. കേസിൽനിന്ന് ആര്യനെ ഒഴിവാക്കാൻ സമീർ വാങ്കഡെക്ക് വേണ്ടി കേസിലെ സാക്ഷി ഷാറൂഖിന്റെ മാനേജറോട് 25 കോടി ആവശ്യപ്പെട്ടെന്ന് മറ്റൊരു സാക്ഷിയാണ് വെളിപ്പെടുത്തിയത്.
വകുപ്പുതല അന്വേഷണ ശേഷം വാങ്കഡെയെ പദവിയിൽനിന്ന് നീക്കിയ എൻ.സി.ബി ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.