ന്യൂഡൽഹി: പഞ്ചാബിന്‍റെ തലസ്ഥാന നഗരമായ ഛണ്ഡിഗഡിൽ മാസ്ക് ധരിക്കാത്തതിന് വധുവിന് പിഴ. മാസ്ക് ധരിക്കാതെ യുവതി വിവാഹ പന്തലിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് പിഴയിട്ടത്.
വിവാഹവസ്ത്രമണിഞ്ഞ യുവതി സെക്ടർ 8 ഗുരദ്വാരയിലേക്ക് കാറിൽ പോകുകയായിരുന്നു. സെക്ടർ എട്ടിന്‍റെയും ഒമ്പതിന്‍റെയും ട്രാഫിക് സിഗ്നലിന് സമീപം വധു മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് കാർ തടഞ്ഞുനിർത്തുകയായിരുന്നു.
എന്നാൽ മാസ്ക് ധരിച്ചാൽ മുഖത്തെ വിലകൂടിയ മേക്കപ്പ് പോകുമെന്നായിരുന്നു വധുവിന്‍റെയും കുടുംബാംഗങ്ങളുടെയും വാദം.
'മാസ്ക് തന്‍റെ വിലയേറിയ മേക്കപ്പ് നശിപ്പിക്കുമെന്നാണ് വധു വിചിത്രവാദം ഉന്നയിക്കുന്നത്. അതിനെ കുടുംബാംഗങ്ങൾ പിന്തുണക്കുകയും ചെയ്യുകയായിരുന്നു' -പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ പറഞ്ഞു.
വധുവിന്‍റെ വിശദീകരണം തൃപ്തികരമാകാതെ വന്നതോടെ പൊലീസ് 1000 രൂപ പിഴയിട്ടു.
രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ശക്തി പ്രാപിക്കുന്നതിനിടെയാണ് ഈ സംഭവം. മൂന്നുലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.