ഗുരുഗ്രാം: ഹരിയാനയിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പലരിൽനിന്നായി 125 കോടിയിലേറെ തട്ടിയതിന് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) ഉപ കമാൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം ജില്ലയിലെ മനേസറിലുള്ള നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) ആസ്ഥാനത്ത് നിയമിക്കപ്പെട്ട ബി.എസ്.എഫ് ഉപ കമാൻഡർ പ്രവീൺ യാദവാണ് അറസ്റ്റിലായത്. 14 കോടി രൂപ, ഒരു കോടി വിലവരുന്ന ആഭരണങ്ങൾ, ഏഴ് ആഡംബര വാഹനങ്ങൾ തുടങ്ങിയവ ഇയാളിൽനിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. യാദവിന്റെ ഭാര്യയെയും സഹോദരിയെയും ഒരു സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
എൻ.എസ്.ജി ആസ്ഥാനത്ത് നിരവധി നിർമാണ പ്രവർത്തനങ്ങൾക്കുള്ള കരാർ നേടിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പലരിൽനിന്നായി കോടികൾ കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു. എൻ.എസ്.ജിയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു തട്ടിപ്പ്. ആക്സിസ് ബാങ്കിൽ മാനേജറായിരുന്ന സഹോദരി റിതു യാദവാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്. ഓഹരി വിപണിയിൽ പ്രവീൺ യാദവിന്റെ 60 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നുവെന്നും ഇത് തിരിച്ചുപിടിക്കാൻ വേണ്ടിയാണ് തട്ടിപ്പിനിറങ്ങിയതെന്നും ഗുരുഗ്രാം എ.സി.പി പ്രീത്പാൽ സിങ് പറഞ്ഞു. ഈയിടെ അഗർതലയിലേക്ക് സ്ഥലംമാറ്റിയതിനെ തുടർന്ന് യാദവ് സേനയിൽനിന്ന് രാജിവെച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.