ജെല്ലിക്കെട്ട്: വിജയത്തിന്‍െറ പങ്കുപറ്റാന്‍ രാഷ്ട്രീയ-സിനിമ മേഖലയുടെ നെട്ടോട്ടം

ചെന്നൈ: നേതൃത്വമില്ലാതെ രണ്ടാഴ്ചകൊണ്ട് തമിഴ് യുവത്വം നേടിയത് വീരജയം. സ്മാര്‍ട്ട് ഫോണുകളും സമൂഹ മാധ്യമങ്ങളുമായിരുന്നു ജല്ലിക്കെട്ട് പ്രക്ഷോഭം വിജയിപ്പിച്ചത്; ഒപ്പം രക്തത്തില്‍ അലിഞ്ഞ തമിഴ് വികാരവും. കഴിഞ്ഞ മൂന്ന് പൊങ്കലുകളിലും സര്‍ക്കാറുകുടെ ഉറപ്പില്‍ ജനം കാത്തിരിക്കുകയായിരുന്നു. ഇത്തവണ കൂടി ഇല്ലാതായാല്‍ ജെല്ലിക്കെട്ട് പൂര്‍ണമായി നഷ്ടപ്പെടുമെന്ന ആശങ്കയില്‍നിന്നാണ് യുവജന-വിദ്യാര്‍ഥി സമൂഹം സമൂഹ മാധ്യമങ്ങളിലൂടെ  പ്രചാരണം അഴിച്ചുവിട്ടത്. ഇതാണ് ദിവസങ്ങള്‍ക്കകം ജനകീയ പ്രക്ഷോഭമായത്.

ആദ്യദിനങ്ങളില്‍ കാമ്പസ് കേന്ദ്രീകരിച്ച് നടന്ന സമരം പിന്നീട് തെരുവിലേക്ക് ഇറങ്ങി. പൊതുജനങ്ങളും ചേര്‍ന്ന് ‘മക്കള്‍ പോരാട്ടം’ ഗ്രാമാന്തരങ്ങളിലേക്കും കത്തിപ്പടര്‍ന്നു. പ്രക്ഷോഭകേന്ദ്രമായി മാറിയ  ചെന്നൈ മറീനയിലെ വൈദ്യുതി ബന്ധം വിഛേദിച്ചും മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയും പ്രക്ഷോഭം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ജനകീയ പ്രതിഷേധം ഭയന്ന് പിന്‍മാറി.

ഇതിനിടെ, വിജയത്തിന്‍െറ പങ്കുപറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയ പാര്‍ട്ടികളും സിനിമാ മേഖലയും രംഗത്തുണ്ട്. എല്ലാ പൊങ്കലുകള്‍ക്കും പേരിന് പ്രതിഷേധം നടത്തി പിരിഞ്ഞിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഞെട്ടല്‍ സൃഷ്ടിച്ചാണ് യുവജന മുന്നേറ്റമുണ്ടായത്.

യുവജന മുന്നേറ്റത്തില്‍ പന്നീര്‍സെല്‍വം സര്‍ക്കാര്‍ പരിഭ്രമിച്ചു. സമരം അനുദിനം ശക്തിപ്പെട്ടത് അണ്ണാ ഡി.എം.കെക്കും ബി.ജെ.പിക്കും വെല്ലുവിളിയായി. സമരത്തിന്‍െറ വികാരം ഉള്‍ക്കൊണ്ട് പന്നീര്‍സെല്‍വം പ്രധാനമന്ത്രിയെ കണ്ടതോടെ പന്ത് കേന്ദ്രസര്‍ക്കാറിന്‍െറ കോര്‍ട്ടിലായി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെന്ന് മോദി അഭിപ്രായപ്പെട്ടെങ്കിലും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍െറ നേതൃത്വത്തില്‍ ബി.ജെ.പി സംഘം സമ്മര്‍ദം ശക്തിപ്പെടുത്തി. എതിര്‍പ്പിന്‍െറ സ്വരം ഉയരാന്‍ സാധ്യതയുള്ള കേന്ദ്രമന്ത്രി മേനക ഗാന്ധിയെ കണ്ട് സമ്മര്‍ദം ചെലുത്തി.

പ്രബല പ്രതിപക്ഷമായ ഡി.എം.കെ അവസരം മുതലാക്കാന്‍ ട്രെയിന്‍ തടയലും നിരാഹാരവും അറസ്റ്റ് വരിക്കലുമായി രംഗത്തത്തെി. കരുണാനിധി വിശ്രമത്തിലായതിനാല്‍ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിനും  സഹോദരി കനിമൊഴി എം.പിയും വള്ളുവര്‍ക്കോട്ടത്ത് നിരാഹാരം ഇരുന്നു. സീമാന്‍, വൈക്കോ, നെടുമാരന്‍ തുടങ്ങി തീവ്ര തമിഴ് നേതാക്കള്‍ കളത്തിന് പുറത്തായി.

ഇതിനിടെ, സിനിമതാരങ്ങളും സംഘടനകളും സമരവേദികളില്‍ പ്രത്യക്ഷപ്പെട്ട് എരീതിയില്‍ എണ്ണയൊഴിച്ച് സമരത്തിന്‍െറ പങ്കുപറ്റാന്‍  ശ്രമിച്ചു. ജെല്ലിക്കെട്ടിനെതിരെ സംസാരിച്ച നടി തൃഷയെ ഒപ്പം കൂട്ടാന്‍ തെന്നിന്ത്യന്‍ നടികര്‍ സംഘത്തിന് സാധിച്ചു. നടന്മാരായ കാര്‍ത്തിയും രാഘവേന്ദ്ര ലോറന്‍സും മറീനയില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേര്‍ന്നു. ഒരു ദിവസത്തെ നിരാഹാരത്തിലൂടെ സമരം ഹൈജാക് ചെയ്യാനുള്ള താരസംഘടനയുടെ നീക്കം ഫലം കണ്ടില്ല.

 

Tags:    
News Summary - bull taming: politics and film industry run for credict of success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.