ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിലും 'വിദ്വേഷത്തിന്റെ' ബുൾഡോസറുകളുമായി ബി.ജെ.പി. പ്രാദേശിക ഭരണകൂടം. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജഹാംഗീർപുരി സി ബ്ലോക്കിലെ കടകളും കെട്ടിടങ്ങളുമാണ് സുപ്രീംകോടതി ഉത്തരവ് ലംഘിച്ചും ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്. ഹനുമാൻ ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ച ജഹാംഗീർപുരിയിൽ ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു ഡൽഹി പൊലീസിന്റെ സഹായത്തോടെയുള്ള പൊളിച്ചു നീക്കൽ. പൊളിക്കൽ തുടങ്ങിയ ഉടൻ അത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിറങ്ങിയെങ്കിലും ഒന്നരമണിക്കൂർ നേരം പൊളിക്കൽ തുടർന്നു.
നേരിട്ടുള്ള ഉത്തരവ് ലഭിക്കാത്തതിനാലാണ് പൊളിക്കൽ തുടർന്നതെന്ന് അധികൃതർ പറഞ്ഞു. അതിനിടെ സി.പി.എം നേതാവ് വൃന്ദ കാരാട്ട് നേരിട്ടെത്തി ബുൾഡോസറുകൾക്ക് മുന്നിൽനിന്ന് പൊളിക്കൽ നിർത്തിവെപ്പിച്ചു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ ഇടപെടൽ. ജഹാംഗീർപുരി പള്ളിയുടെ ഭാഗം അടക്കം മുസ്ലിംകളുടെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയവയിൽപെടും.
ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആദേശ് ഗുപ്ത നേരത്തെ ആഹ്വാനം ചെയ്തിരുന്നു. നോട്ടീസ് നൽകുന്നതടക്കം നടപടികൾ പാലിക്കാതെയാണ് ബുധനാഴ്ച ഒമ്പത് ബുൾഡോസറുകൾ ജഹാംഗീർ പുരി സി ബ്ലോക്കിൽ എത്തിയത്. ആയിരത്തിലേറെ പൊലീസുകാരുടെ അകമ്പടിയോടെ 10.15ന് പൊളിക്കൽ തുടങ്ങി. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ, സഞ്ജയ് ഹെഗ്ഡെ എന്നിവരും വൃന്ദ കാരാട്ടിന്‍റെ അഭിഭാഷകനായ അഡ്വ. സുരേന്ദ്ര നാഥും വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിഷയം വ്യാഴാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അതുവരെ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. അതിന് ശേഷവും ഡൽഹി പൊലീസിന്‍റെ കാവലിൽ പൊളിക്കൽ തുടർന്നു. ജഹാംഗീർപുരി പള്ളിയുടെ മുൻഭാഗവും ഇരുവശത്തുമുള്ള ഭൂരിഭാഗം കടകളും സുപ്രീംകോടതിയുടെ ഉത്തരവ് വന്നശേഷമാണ് പൊളിച്ചുമാറ്റിയത്. ഹിന്ദു സമുദായത്തിൽപ്പെട്ട മൂന്നു പേരുടെ കടകളും പൊളിച്ചു.
ഉത്തരവ് ലംഘിച്ചതിനെതിരെ അഭിഭാഷകർ വീണ്ടും സുപ്രീംകോടതിയിലെത്തിയപ്പോൾ ബന്ധപ്പെട്ടവരെ അറിയിക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി. 11.45ന് സി.പി.ഐ (എം.എൽ) നേതാവ് രവി റായിക്ക് ഒപ്പം വന്ന വൃന്ദ കാരാട്ട് പൊളിച്ചുകൊണ്ടിരിക്കുന്ന ഓരോ ബുൾഡോസറുകളുടെയും മുന്നിൽ ചെന്ന് സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊളിക്കൽ നിർത്തിവെപ്പിക്കുകയായിരുന്നു. അതേസമയം, വൃന്ദക്ക് പിന്നാലെ കോടതി ഉത്തരവ് കാണിച്ച് പൊളിക്കൽ തടയണമെന്ന ആവശ്യവുമായി രംഗത്തുവന്ന പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.