ചെന്നൈ/കോട്ടയം/പന്തളം: തമിഴ്നാട്ടിലെ നാമക്കലിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികൾ മരിച്ചു. പന്തളം മങ്ങാരം മാതേരുതുണ്ടിൽ പകലോമറ്റം വീട്ടിൽ അഞ്ജലി പോൾ (36), മകൻ ആഷൽ ലിജോ (10), ബസിെൻറ ക്ലീനറായ തേക്ക്തോട്, തണ്ണിത്തോട് പാലനിൽക്കുന്നതിൽ സിദ്ധാർഥ് (23), റിട്ട. കോളജ് അധ്യാപകൻ ഭരണങ്ങാനം വലിയപറമ്പില്‍ പ്രഫ. വി.ജെ. ജോര്‍ജ് (61) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു.
നാഷനൽ അപ്പോസ്തലിക് അസംബ്ലിയിലെ പ്രമുഖ ശുശ്രൂഷകയായിരുന്നു അഞ്ജലി പോൾ. ബംഗളൂരുവിൽ പാസ്റ്റർ എം.എം. വർഗീസിെൻറ നേതൃത്വത്തിൽ നടന്ന സുവിശേഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം. ഭർത്താവ് ലിജോ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. അരുവിത്തുറ സെൻറ് ജോര്‍ജ് കോളജ് ഇക്കണോമിക്സ് വിഭാഗം റിട്ട. മേധാവിയായിരുന്നു ജോര്‍ജ്. ബംഗളൂരുവിലുള്ള മകൾ ജീനയെ സന്ദർശിച്ചശേഷം നാട്ടിലേക്ക് മടങ്ങവെയാണ് അപകടം.
രണ്ടു ദിവസം മുമ്പ് തിരികെപ്പോരാന്‍ മറ്റൊരു ബസില്‍ സീറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ മരണത്തെത്തുടർന്ന് യാത്ര മാറ്റുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഭരണങ്ങാനം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്തി ജോര്‍ജ് (കാത്തലിക് സിറിയന്‍ ബാങ്ക്). മക്കള്‍: ജീന, ഡോ. സീന ജോര്‍ജ്. മരുമകന്: അനൂപ് തേവര കോട്ടയം (സി.ഡോട്ട് ബംഗളൂരു). മൂന്നുപേർ സംഭവ സ്ഥലത്തുവെച്ചും പ്രഫ. വി.ജെ. ജോര്‍ജ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
നാമക്കല്‍ ജില്ലയിലെ കുമാരപാളയത്താണ് അപകടം. കടലൂരിൽനിന്ന് വിരുതാചലത്തേക്ക് കാറ്റാടി മരത്തടികളുമായി പോയ ലോറിയുടെ പിന്നിൽ ബംഗളൂരുവില്‍നിന്ന് അടൂരിലേക്ക് വരുകയായിരുന്ന കേരള ലൈൻസ് എന്ന ട്രാവൽസ് കമ്പനിയുടെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിെൻറ മുൻഭാഗം പൂർണമായി തകർന്നു. പുലർച്ച നാേലാടെയാണ് അപകടം. ബസിൽ യാത്രക്കാരായി 40 പേർ ഉണ്ടായിരുന്നതായി അടൂരിലെ കേരള ലൈൻ ബസിെൻറ ഒാഫിസ് അധികൃതർ പറഞ്ഞു. പരിക്കേറ്റവരിൽ പലരുെടയും നില ഗുരുതരമാണ്. കുമാരപാളയം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.