‘ബി.ജെ.പി ആഗ്രഹിച്ചാലും ഇല്ലെങ്കിലും സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരും’; ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ സഖ്യത്തി​ന്‍റെ പങ്കാളിത്തത്തോടെ ത​ന്‍റെ പാർട്ടി കേന്ദ്രഭരണ പ്രദേശത്തി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. തെരഞ്ഞെടു​​പ്പോടെ ഇവിടെ ത​ന്‍റെ പാർട്ടിയുടെ സഖ്യ സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന റംബാൻ ജില്ലയിലെ ബനിഹാൽ നിയമസഭാ മണ്ഡലത്തി​ന്‍റെ ഭാഗമായ സംഗൽദാനിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ജമ്മു കശ്മീരി​ന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ബി.ജെ.പി അതിന് തയ്യാറായില്ല. ബി.ജെപി ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇവിടേക്ക് സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുന്നത് ഞങ്ങൾ ഉറപ്പാക്കും. അതിനായി ഇൻഡ്യാ സഖ്യത്തി​ന്‍റെ ബാനറിന് കീഴിൽ ഞങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തും -കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇന്ത്യയുടെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് അതി​ന്‍റെ സംസ്ഥാന പദവി നഷ്ടമാകുന്നത്. നേരത്തെ കേന്ദ്രഭരണ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി രൂപാന്തരപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. സംസ്ഥാന പദവി മാത്രമല്ല, തട്ടിയെടുക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സമ്പത്തും തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സർക്കാർ ഒഴിവുകളും നികത്തുമെന്നും ഉദ്യോഗാർഥികളുടെ പ്രായം 40 വയസ്സ് വരെ നീട്ടുമെന്നും ദിവസ വേതനക്കാരെ ക്രമപ്പെടുത്തുമെന്നും കോൺഗ്രസ് ദേശീയ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ത​ന്‍റെ 4000 കിലോമീറ്റർ ഭാരത് ജോഡോ യാത്രയെക്കുറിച്ചും രാഹുൽ ഗാന്ധി പരാമർശിച്ചു. ‘വിദ്വേഷം വിഴുങ്ങിയ ചന്തയിൽ സ്നേഹത്തി​ന്‍റെ കടകൾ തുറക്കണം’ എന്ന മുദ്രാവാക്യം ഞങ്ങൾ ഇയർത്തി. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്ത് വിദ്വേഷവും അക്രമവും ഭയവും പ്രചരിപ്പിക്കുകയാണെന്നും രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർ വിദ്വേഷം പ്രചരിപ്പിക്കാൻ പ്രവർത്തിക്കുന്നു, സ്നേഹം പ്രചരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. അവർ വിഭജിക്കുന്നു, ഞങ്ങൾ ഒന്നിപ്പിക്കുന്നു. വിദ്വേഷത്തിന് പകരം സ്‌നേഹം വരുമെന്ന് നിങ്ങൾക്കറിയാം. വെറുപ്പിനെ വെറുപ്പുകൊണ്ട് പരാജയപ്പെടുത്താനാവില്ല. സ്‌നേഹത്തിന് വെറുപ്പിനെ തോൽപ്പിക്കാൻ മാത്രമേ കഴിയൂ- രാഹുൽ പറഞ്ഞു. പ്രദേശത്തി​ന്‍റെ സൗന്ദര്യത്തെ പ്രശംസിച്ച ഗാന്ധി തിരഞ്ഞെടുപ്പിന് ശേഷം കുറച്ച് ദിവസങ്ങൾ അവിടെ ചെലവഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ മാസം 18, 25, ഒക്ടോബർ 8 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പിന് നാഷണൽ കോൺഫറൻസുമായി കോൺഗ്രസ് സഖ്യത്തിലാണ്. മുൻ സംസ്ഥാനം രണ്ടായി വിഭജിച്ചതിന് ശേഷം ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളും അതി​ന്‍റെ പ്രത്യേക പദവിയും 2019 ആഗസ്റ്റിൽ ബി.ജെ.പി സർക്കാർ റദ്ദാക്കിയിരുന്നു.

Tags:    
News Summary - Rahul Gandhi kick-starts election campaign in J&K, says INDIA bloc will ensure restoration of statehood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.