ബംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ എം.എൽ.സിയാകും. കർണാടക ലജിസ്ലേറ്റിവ് കൗൺസിൽ (എം.എൽ.സി) ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കും. എം.എൽ.എമാരാണ് എം.എൽ.സി ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക.
ഭരണകക്ഷിയായ കോൺഗ്രസിന് 135 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഫലം മറിച്ചാകില്ല. ജൂൺ 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി നേതാവും ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലം സിറ്റിങ് എം.എൽ.എയുമായിരുന്ന ഷെട്ടാർ പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയത്. മണ്ഡലത്തിൽ കോൺഗ്രസിനായി മത്സരിച്ചെങ്കിലും തോറ്റത് കനത്ത തിരിച്ചടിയായി. പ്രമുഖ ലിംഗായത്ത് നേതാവാണ് ഷെട്ടാർ.
ഷെട്ടാറിനെ പാർട്ടി കൈവിടില്ലെന്നും പ്രധാന ചുമതല നൽകുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു. ഇപ്പോൾ ഷെട്ടാറിന് എം.എൽ.സിയായി തെരഞ്ഞെടുക്കപ്പെടാൻ പാർട്ടി വഴിയൊരുക്കിയിരിക്കുകയാണ്.
തിപ്പണ്ണപ്പ കമക്നൂർ, എൻ.എസ്. ബോസെരാജു എന്നിവരും കോൺഗ്രസ് സ്ഥാനാർഥികളാണ്. ബി.ജെ.പി നേതാക്കളും എം.എൽ.സിമാരുമായ ലക്ഷ്മൺസവാദി, ബാബുറാവു ചിഞ്ചാൻസുർ, ആർ. ശങ്കർ എന്നിവർ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിനാൽ എം.എൽ.സി സ്ഥാനം രാജിവെച്ച് മറ്റു പാർട്ടികളിൽ ചേർന്നിരുന്നു.ഇതോടെയാണ് ഇവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.