ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ജന്തർ മന്തറിലും യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ ഇന്ത്യാഗേറ്റിലും പ്രതിഷേധം നടന്നു. പൗരത്വ നിയമം, പൗരത്വപ്പട്ടിക, ജനസംഖ്യ രജിസ്റ്റർ എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന ധർണയിൽ സി.പി.എം, സി.പി.ഐ, സി.പി.ഐ -എം.എൽ, ആർ.എസ്.പി, എ.ഐ.എഫ്.ബി, സി.ജി.പി.ഐ പാർട്ടി പ്രവർത്തകർ പെങ്കടുത്തു. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ നടക്കുന്ന കിരാത അക്രമങ്ങൾ ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും ഫാഷിസ്റ്റ് പ്രവണതയാണ് വ്യക്തമാക്കുന്നതെന്ന് ധർണയിൽ സംസാരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ഹനൻ മൊല്ല പറഞ്ഞു.
സാമ്പത്തിക രംഗത്തെ വലിയ പിഴവുകൾ മൂടിവെക്കാനുള്ള ശ്രമമാണ് മോദിസർക്കാർ നടത്തുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി അമർജീത് കൗർ പറഞ്ഞു. സ്വാമി അഗ്നിവേശ്, ഡൽഹി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് നന്ദിത നരെയ്ൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യാഗേറ്റിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഇന്ത്യാഗേറ്റിനു ചുറ്റും ദേശീയപതാകയേന്തി ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. ജാമിഅ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജാമിഅ കാമ്പസിനു പുറത്ത് നടന്നുവരുന്ന സമരത്തിൽ തിങ്കളാഴ്ച സമാജ്വാദി പാർട്ടി രാജ്യസഭ എം.പി ജാവേദ് അലി, വെൽെഫയർ പാർട്ടി ദേശീയ നേതാവ് എസ്.ക്യു.ആർ. ഇല്യാസ്, മധ്യപ്രദേശ് മുൻ മന്ത്രി രമ ശങ്കർ സിങ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. ശാഹീൻബാഗിൽ സ്ത്രീകൾ നടത്തിവരുന്ന രാപ്പകൽ സമരത്തിലും നിരവധി പേർ ഐക്യദാർഢ്യവുമായി എത്തി.
പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനുള്ള മോദി സർക്കാറിെൻറ ശ്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നിശ്ശബ്ദ മാർച്ച് നടത്തി. റെയ്സിന റോഡിലെ സംഘടന ആസ്ഥാനത്തുനിന്ന് ഇന്ത്യ ഗേറ്റിലേക്കായിരുന്നു മാർച്ച്. പങ്കെടുത്തവർ മുഖാവരണം അണിഞ്ഞാണ് അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.