ന്യൂഡൽഹി: കേന്ദ്ര സർക്കാർ കടുംപിടിത്തം തുടരുവോളം പ്രക്ഷോഭമല്ലാതെ മറ്റൊരു വഴിയില്ലെന്ന് പ്രമുഖർ. പൗരത്വ പ്രക്ഷോഭത്തിനിടെ ഡൽഹി ജമാ മസ്ജിദിൽനിന്ന് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവിെൻറ മോചനത്തിനായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച മാർച്ചിനെ ഡൽഹി ജോർബാഗിലെ കർബലയിൽ അഭിവാദ്യം ചെയ്യുകയായിരുന്നു അവർ. കള്ളം പറഞ്ഞും സംഘ്പരിവാർ പൗരത്വപ്പട്ടിക പദ്ധതിയുമായി മുന്നോട്ടുപോകുേമ്പാൾ അതിനെതിരായ പ്രക്ഷോഭവും മുന്നോട്ടുകൊണ്ടുപോകുകയല്ലാതെ വഴിയില്ലെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ ചെയർപേഴ്സൻ വജാഹത്ത് ഹബീബുല്ല പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും പൗരത്വപ്പട്ടികയും ജനസംഖ്യ പട്ടികയും പരസ്പര ബന്ധിതമാണ്.
ബന്ധമില്ലെന്ന വെറും പ്രസ്താവനകൊണ്ട് പരിഹാരമാകുന്ന പ്രശ്നമല്ല ഇത്. മതത്തിൻറ അടിസ്ഥാനത്തിൽ പൗരന്മാരെ വിഭജിക്കുന്ന മൂന്നു പ്രക്രിയകളും ഒരുപോലെ നിർത്തിവെക്കുന്ന ഉത്തരവാണ് സർക്കാറിൽനിന്ന് കിേട്ടണ്ടത്. അത്തരമൊരു ഉത്തരവ് ഇറങ്ങാത്തിടത്തോളം പ്രക്ഷോഭവുമായി മുന്നോട്ടുപോവുകയല്ലാതെ ജനങ്ങൾക്കു മുന്നിൽ മറ്റൊരു വഴിയില്ലെന്നും വജാഹത്ത് കൂട്ടിച്ചേർത്തു.
സ്വയം കള്ളം പറയുന്നവരെ വിശ്വസിച്ച് പൗരത്വ പ്രക്ഷോഭം അവസാനിപ്പിക്കാനാവില്ലെന്ന് ഫ്രണ്ട്ലൈൻ അസോസിയറ്റ് എഡിറ്റർ സിയാഉസ്സലാം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പാക്കുമെന്നും അതിനുശേഷം ദേശവ്യാപകമായി പൗരത്വപ്പട്ടിക കൊണ്ടുവരുമെന്നും പറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അമിത് ഷാ പറഞ്ഞത് നടപ്പാക്കിക്കൊണ്ടിരിക്കുേമ്പാഴാണ് അത് കളവാണെന്നും ആരും വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി കള്ളം പറയുന്നത്. ഇൗ കള്ളങ്ങൾ വിശ്വസിച്ച് സമരത്തിൽനിന്ന് പിന്മാറാനാവില്ലെന്നും അതിജീവനത്തിനായുള്ള സമരം മുന്നോട്ടുകൊണ്ടുപോകണമെന്നും സിയാഉസ്സലാം ആവശ്യപ്പെട്ടു.
എട്ടും പത്തും പതിനേഴും വയസ്സുള്ള മക്കളെ മർദിച്ചും കൊലപ്പെടുത്തിയും ഉത്തർപ്രദേശിലെ പൊലീസുകാർക്ക് എന്ത് നേടാനാണെന്ന് പാർലമെൻറ് ജുമാ മസ്ജിദ് ഇമാം മൗലാന മുഹീബുല്ല നദ്വി ചോദിച്ചു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം ജോർബാഗിൽനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങാൻ അനുവദിക്കാതെ പ്രക്ഷോഭകരെ കർബലയിൽ തടഞ്ഞു. സമരം സമാധാനപരമായതുകൊണ്ട് ആരെയും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഡൽഹി സൗത്ത് പൊലീസ് ഡെപ്യൂട്ടി കമീഷണർ പർവീന്ദർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.