ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ സൗജന്യങ്ങളും വാഗ്ദാനങ്ങളും വിലക്കി പ്രതിപക്ഷപാർട്ടികൾക്ക് തടയിടാനുള്ള ബി.ജെ.പി അജണ്ടക്ക് ചുവടുപിടിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) കൂടി രംഗത്ത്.

'സൗജന്യങ്ങൾ വിലക്കണം' എന്ന ബി.ജെ.പി നിലപാടിനൊപ്പം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിൽക്കുകയും ബി.ജെ.പി നേതാവിന്റെ ഹരജിയിൽ സുപ്രീംകോടതി വിഷയം അടിയന്തരമായി പരിഗണിക്കുകയും ചെയ്തതിന് പിറകെയാണ് സി.എ.ജിയും രംഗത്തുവരുന്നത്.

ഇളവുകൾ, എഴുതിത്തള്ളലുകൾ, സബ്സിഡി ഭാരം, ബജറ്റിന് പുറത്തുള്ള കടബാധ്യത എന്നിവക്ക് തടയിടാനുള്ള വ്യവസ്ഥകൾ എങ്ങനെ കൊണ്ടുവരാമെന്ന ആലോചനയിലാണ് സി.എ.ജി. സംസ്ഥാനങ്ങളുടെ ധനസുസ്ഥിരത സി.എ.ജിയുടെ കഴിഞ്ഞയാഴ്ചത്തെ ഓഡിറ്റ് ഉപദേശകബോർഡ് ചർച്ച ചെയ്തിരുന്നു.

കോവിഡിന് ശേഷം എല്ലാ സംസ്ഥാനങ്ങളും റവന്യൂകമ്മിയിലാണെന്നാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഗിരീഷ് ചന്ദ്ര മുർമു തലവനായ 21 അംഗ ബോർഡ് വിലയിരുത്തിയത്. ഇതിന്റെ തുടർച്ചയായാണ് സൗജന്യങ്ങൾക്കും ഇളവുകൾക്കും ചുവപ്പുകൊടി കാട്ടാനുള്ള നടപടികളിലേക്ക് സി.എ.ജി കടക്കുന്നത്.

സ്വന്തം റവന്യൂ വരുമാനം കൊണ്ട് തീർക്കാവുന്ന ചെലവുകളല്ല സംസ്ഥാനങ്ങൾ ഉണ്ടാക്കുന്നതെന്ന് ബോർഡുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഓരോ സംസ്ഥാനത്തിന്റെയും ബജറ്റിന്റെ പകുതിയിലേറെയും കടം തിരിച്ചടവിന് പോകുകയാണ്.

ഇത് തുടരാൻ അനുവദിക്കില്ല. ഈ വർഷം മുതൽ കർശനമായി നീങ്ങും. ഈ ശീലം സുസ്ഥിരതക്ക് തടസ്സമാണ്. സംസ്ഥാനങ്ങൾക്ക് പ്രശ്നമായിത്തീരുമെന്നതിനാൽ ചുവപ്പുകൊടി കാണിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.

പ്രതിപക്ഷ പാർട്ടികളുടെ 'രേവ്ഡി (സൗജന്യ) സംസ്കാരം' അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വിലക്കണമെന്നും ആവശ്യപ്പെട്ടതിന് പിറകെ വിഷയത്തിൽ ബി.ജെ.പി നേതാവിന്റെ ഹരജി സുപ്രീംകോടതിയിലെത്തിയിരുന്നു.പ്രധാനമന്ത്രിയുടേതിന് സമാനമായ നിലപാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ എടുക്കുകയും ചെയ്തു.

Tags:    
News Summary - CAG following BJP's agenda to stop the opposition parties by banning freebies and promises in elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.