ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാരക വൈറസിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാമെന്ന് ആലോചിക്കുകയാണ് ആളുകൾ. ഇൗ സാഹചര്യത്തിൽ വിവിധ ചികിത്സ രീതികളും ചെപ്പടി വിദ്യകളും വിശദീകരിക്കുന്ന കുറിപ്പുകളും വിഡിയോകളും വാട്സാപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് വല്ല ശാസ്ത്രീയ അടിത്തറയുണ്ടോ സത്യമാണോ എന്നൊന്നും നോക്കാതെയാണ് ആളുകൾ പ്രചരിപ്പിക്കുന്നത്.
നാരങ്ങാ നീര് മൂക്കിൽ ഇറ്റിച്ചാൽ ശരീരത്തിലെ ഓക്സിജൻ നില ഉയർത്താമെന്നും കോവിഡിനെ പ്രതിരോധിക്കാമെന്നും ഒരാൾ അവകാശപ്പെടുന്ന വിഡിയോ ഇത്തരത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ 'നാരങ്ങാനീര് ചികിത്സ' വ്യാജമാണെന്നും ഇതിന് ശസ്ത്രീയമായ അടിത്തറയില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറഞ്ഞു. 'നാരങ്ങാനീര് ചികിത്സ' രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക മാത്രമല്ല കോറോണ വൈറസിൽ നിന്ന് രക്ഷ നൽകുകയും ചെയ്യുന്നുവെന്നാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തി അവകാശപ്പെടുന്നത്.
മൂക്കിൽ രണ്ട് തുള്ളി നാരങ്ങാ നീര് ഇറ്റിക്കുക വഴി കണ്ണ്, കാത്, മൂക്ക്, ഹൃദയം എന്നിവ അഞ്ച് നിമിഷങ്ങൾക്കകം ശുദ്ധിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. ചുമയും ജലദേശവും അനുഭവപ്പെടുന്നവർക്കും ഇൗ രീതി ആശ്വാസം നൽകുമെന്നാണ് വിഡിയോയിൽ പറയുന്നത്.
'വെറും രണ്ട് തുള്ളി നാരങ്ങ നീര് മൂക്കിൽ ഇറ്റിക്കുന്നത് കൊറോണ വൈറസിനെ ഉടൻ തന്നെ നശിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഉന്നയിച്ച അവകാശവാദം വ്യാജമാണ്. മൂക്കിൽ നാരങ്ങ നീര് ഇറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല' - പി.ഐ.ബി ഫാക്ട് ചെക്കിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വിശദീകരിച്ചു.
ഓക്സിജന്‍റെ അളവ് കുറയുകയാണെങ്കിൽ ഹോമിയോ മരുന്നായ അസ്പിഡോസ്പെർമ ക്യു 20 പകരമായി ഉപയോഗിക്കാമെന്ന വാദം ഏതാനും ദിവസം മുമ്പ് ആയുഷ് മന്ത്രാലയം തള്ളിയിരുന്നു. ഗുരുതരമായ അവസ്ഥയിൽ സ്വയംചികിത്സ നന്നല്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.