കാന്‍സര്‍ പാപങ്ങൾക്കുള്ള ദൈവീക നീതിയെന്ന്​ ബി.ജെ.പി മന്ത്രി 

ഗുവാഹത്തി: അര്‍ബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും മുന്‍കാല പാപങ്ങളാണെന്ന്​ അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ.  ചെയ്യുന്ന പാപങ്ങൾക്കുള്ള ദൈവീക നീതിയാണ്​ കാൻസർ പോലുള്ള അസുഖങ്ങളെന്നും ബിശ്വശര്‍മ പറഞ്ഞു. ആരോഗ്യമന്ത്രിയായ  ബിശ്വശര്‍മയുടെ പ്രസ്താനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ചിദംബരം ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. 

‘‘നാം തെറ്റു ചെയ്യുമ്പോഴാണ് ദൈവം നമുക്ക്​ സഹനങ്ങള്‍ നല്‍കുന്നത്. ചിലര്‍ ചെറുപ്രായത്തില്‍ തന്നെ അപകടങ്ങളില്‍ മരിക്കുന്നതും ചിലര്‍ക്ക് ചെറുപ്രായത്തില്‍തന്നെ അര്‍ബുദം പോലുള്ള അസുഖങ്ങള്‍ വരുന്നതും നാം കാണാറുണ്ട്. ഇതി​​​​െൻറ പിന്നിലുള്ള കാര്യങ്ങൾ മനസിലാക്കിയാൽ  ഇതു ദൈവീക നീതിയാണെന്നു നമുക്കു ബോധ്യമാകും. മറ്റൊന്നും ചെയ്യാൻ കഴിയില്ല. നമ്മൾ ആ ദൈവീക നീതി അനുഭവിച്ചേ തീരൂ’’-  ഹിമാന്ത ബിശ്വശര്‍മ പറഞ്ഞു. ഗുവാഹത്തിയിൽ അധ്യാപകർക്കുള്ള നിയമന ഉത്തരവ്​ കൈമാറുന്ന ചടങ്ങിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൗ ജന്മത്തിലോ മുന്‍ജന്മത്തിലോ നാം ചില തെറ്റുകള്‍ വരുത്തിയിരിക്കാം. ചിലപ്പോൾ നമ്മുടെ മാതാപിതാക്കളോ പൂര്‍വികരാരോ ആകാം തെറ്റു ചെയ്തത്. അതിന് ചെറുപ്പക്കാരായ നിങ്ങളാണ്​ അനുഭവിക്കേണ്ടി വരിക. ഇതേക്കുറിച്ച് ഭഗവത് ഗീതയിലും ബൈബിളിലും പരാമര്‍ശങ്ങളുണ്ട്. ഒരാളുടെ കര്‍മഫലമാണിത്. ഇതില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല. എല്ലാവര്‍ക്കും അവരുടെ കര്‍മഫലങ്ങൾ  ഇൗ ജന്മത്തിൽ തന്നെ അനുഭവിച്ചു തീർക്കണം. ഈ ദൈവീക നീതി എന്നും നിലനില്‍ക്കുന്നതാണ്. അതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

മന്ത്രിയുടെ പ്രസ്​താവനക്കെതിരെ കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം രംഗത്തെത്തി. ‘‘കാൻസർ പാപങ്ങൾക്കുള്ള ദൈവീക നീതിയാണെന്നാണ്​ അസം മന്ത്രി ശർമ പറയുന്നത്​. അതു തന്നെ ഭരണത്തിലിരിക്കുന്ന പാർട്ടി ജനങ്ങളോട്​ ചെയ്യുന്നത്​’’ചിദംബരം ട്വീറ്റ്​ ചെയ്​തു. 

അര്‍ബുദ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ വേദനിപ്പിക്കുന്ന ഇത്തരം പരാമര്‍ശം ആരോഗ്യമന്ത്രിയില്‍നിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും തെറ്റ് ഏറ്റുപറഞ്ഞ് പൊതുസമൂഹത്തോട് മന്ത്രി മാപ്പുപറയണമെന്നും കോണ്‍ഗ്രസ് നേതാവ് ദേബപ്രതാ സയ്ക്കിയ ആവശ്യപ്പെട്ടു. മുൻ കോണ്‍ഗ്രസ് എം.എൽ.എയായിരുന്ന ബിശ്വശര്‍മ 2015ലാണ്​ ബി.ജെ.പിയില്‍ ചേർന്നത്​. 

Tags:    
News Summary - Cancer is Divine Justice for Our Sins, Says Assam Minister Himanta Biswa Sarma- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.