ചണ്ഡിഗഢ്: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ബി.ജെ.പിയിലേക്ക്. അദ്ദേഹത്തിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി ബി.ജെ.പിയിൽ ലയിക്കും. സെപ്റ്റംബർ 19ന് ലയനം നടക്കുമെന്നാണ് അമരീന്ദറിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
തിങ്കളാഴ്ച ചേരുന്ന പാർട്ടി നേതൃയോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും. 2021 സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതിനു പിന്നാലെയാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്. പിന്നാലെ സ്വന്തമായി പാർട്ടി രൂപവത്കരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമായാണ് പാർട്ടി മത്സരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ 92 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി അധികാരത്തിലെത്തി. കോൺഗ്രസ് 18 സീറ്റിലൊതുങ്ങി. ബി.ജെ.പി സഖ്യവും വൻപരാജയം ഏറ്റുവാങ്ങി. പട്യാല മണ്ഡലത്തിൽനിന്ന് മത്സരിച്ച അമരീന്ദർ ആപ് സ്ഥാനാർഥിയോട് 19,873 വോട്ടുകൾക്കാണ് തോറ്റത്.
നോട്ടയേക്കാൾ കുറവ് വോട്ടുകളാണ് പഞ്ചാബ് തെരഞ്ഞെടുപ്പിൽ അമരീന്ദറിന്റെ പാർട്ടിക്ക് ലഭിച്ചത്. നോട്ട മൊത്തം 1,10,308 വോട്ടുകൾ നേടിയപ്പോൾ പഞ്ചാബ് ലോക് കോൺഗ്രസിന് സ്വന്തം ചിഹ്നത്തിൽ ആകെ കിട്ടിയത് 84,697 വോട്ടുമാത്രം. പി.എൽ.സിയുടെ അഞ്ച് സ്ഥാനാർഥികൾ അന്ന് മത്സരിച്ചത് ബി.ജെ.പി ചിഹ്നത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.