പ്രതിഷേധം: കോയമ്പത്തൂരില്‍ കാളവണ്ടി മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു

കോയമ്പത്തൂര്‍: ജെല്ലിക്കെട്ട് നടത്താന്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിനെ തുടര്‍ന്ന് നഗരത്തില്‍ സംഘടിപ്പിച്ച കാളവണ്ടി മത്സരം (രേക്ള) പ്രക്ഷോഭകാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ചു. ഓര്‍ഡിനന്‍സിന് പകരം ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടാണ് മത്സരം തടഞ്ഞത്. പ്രകോപിതരായ വിദ്യാര്‍ഥികളും യുവജനങ്ങളും വളഞ്ഞതോടെ പൊലീസിന്‍െറയും പ്രവര്‍ത്തകരുടെയും സംരക്ഷണത്തില്‍ തമിഴ്നാട് നഗരവികസന മന്ത്രി എസ്.പി. വേലുമണിയും ഡെപ്യൂട്ടി സ്പീക്കര്‍ പൊള്ളാച്ചി ജയറാമനും കാറുകളില്‍ കയറി രക്ഷപ്പെട്ടു.

കോയമ്പത്തൂര്‍ മേഖലയില്‍ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ജെല്ലിക്കെട്ടിന് പകരം കാളവണ്ടി മത്സരങ്ങളാണ് നടത്തുക. ഇതിന്‍െറ ഭാഗമായാണ് കോയമ്പത്തൂര്‍ പീളമേട് അവിനാശി റോഡ് കൊഡിഷ്യ മൈതാനത്തില്‍ കാളവണ്ടി മത്സരം നടത്താന്‍ ശ്രമിച്ചത്. 200ല്‍ അധികം കാളവണ്ടികള്‍ പങ്കെടുക്കുമെന്നാണറിയിച്ചിരുന്നതെങ്കിലും പത്തെണ്ണം മാത്രമാണത്തെിയത്. മന്ത്രി എസ്.പി. വേലുമണിയാണ് ഉദ്ഘാടനം ചെയ്തത്. ഫ്ളാഗ് ഓഫ് ചെയ്ത് കാളവണ്ടികള്‍ നീങ്ങുന്നതിനിടെ വിദ്യാര്‍ഥികളും യുവജനങ്ങളും ബാരിക്കേഡുകള്‍ മറികടന്ന് ട്രാക്കില്‍ കുത്തിയിരുന്നു. അതിനിടെ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ വിട്ടയക്കാമെന്നും മത്സരം നടത്താന്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ജെല്ലിക്കെട്ടും രേക്ള മത്സരങ്ങളും സംഘടിപ്പിക്കുന്നതിനെ സമരക്കാര്‍ ചോദ്യംചെയ്തു. സാധാരണ ക്ഷേത്ര-ആഘോഷ കമ്മിറ്റികളാണ് നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍, പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജെല്ലിക്കെട്ട് ഉള്‍പ്പെടെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നതാണ് സര്‍ക്കാറിന് വിനയായത്.

Tags:    
News Summary - cart racing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.