ബംഗളൂരു: കർണാടകയിൽ പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ വീട്ടിൽ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിൽ ചുമരിലെ പൈപ്പുകളിൽ കുത്തിനിറച്ച നിലയിൽ ലക്ഷങ്ങൾ കണ്ടെടുത്തു. കലബുറഗിയിൽ പി.ഡബ്ല്യു.ഡി ജോയിൻറ് എൻജിനീയർ ഷാന്ത ഗൗഡയുടെ വീട്ടിൽനിന്നാണ് 25 ലക്ഷം പണവും അഭരണങ്ങളും പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. റെയ്ഡ് വിവരം മുൻകൂട്ടി അറിഞ്ഞ ഉദ്യോഗസ്ഥൻ, വീട്ടിലെ ചുമരുകളിലെ പൈപ്പുകളിൽ പണവും ആഭരണവും ഒളിപ്പിക്കുകയായിരുന്നു. പ്ലംബറെ വിളിച്ചുവരുത്തി പൈപ്പ് മുറിച്ചുമാറ്റിയാണ് പണവും ആഭരണങ്ങളും പുറത്തെടുത്തത്. 500 രൂപയുടെ നോട്ട് കെട്ടുകൾ ഉദ്യോഗസ്ഥർ പൈപ്പിനുള്ളിൽനിന്ന് വലിച്ചെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കണക്കിൽപെടാത്ത പണം സൂക്ഷിക്കാനായി മാത്രം സ്ഥാപിച്ചതാണ് ഈ പൈപ്പുകൾ.
വരവിൽകവിഞ്ഞ സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് 15 ഉദ്യോഗസ്ഥരുടെ 60 സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. സർക്കാർ ഒരുതരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അഴിമതി വിരുദ്ധ ബ്യൂറോ സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.