അസോസിയേഷൻ അധ്യക്ഷന്മാർ ചീഫ് ജസ്റ്റിസിനെ കാണാനെത്തിയപ്പോൾ
ന്യൂഡൽഹി: ജഡ്ജിയുടെ വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ഹൈകോടതി ബാർ അസോസിയേഷൻ തലവന്മാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് നേരിൽ കണ്ട് ആവശ്യപ്പെട്ടു. അലഹബാദ് ഹൈകോടതിയിലേക്ക് ജസ്റ്റിസ് വർമയെ തിരിച്ചയക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
കേരള, കർണാടക, ഗുജറാത്ത്, അലഹബാദ്, ലഖ്നോ ഹൈകോടതി ബാർ അസോസിയേഷനുകളുടെ അധ്യക്ഷന്മാരാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് ഈ ആവശ്യമുന്നയിച്ച് കത്തെഴുതിയ ശേഷം ഡൽഹിയിൽ വന്ന് അദ്ദേഹത്തെ നേരിൽ കണ്ടത്. കേസിൽ ശരിയായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. അലഹബാദ് ഹൈകോടതിയിലേക്കുള്ള സ്ഥലം മാറ്റം തടഞ്ഞില്ലെങ്കിൽ അവിടെയെത്തി ബാർ അസോസിയേഷൻ നടത്തുന്ന സമരത്തിനു പിന്തുണ നൽകുമെന്നും ഇവർ വ്യക്തമാക്കി.
ന്യൂഡൽഹി: ജഡ്ജിയുടെ വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര നിയമ മന്ത്രി പാർലമെന്റിൽ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് മനീഷ് തിവാരി, തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി എന്നിവർ ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. അതേസമയം, വിഷയം ചർച്ച ചെയ്യാൻ മനീഷ് തിവാരി അടക്കമുള്ളവർ സമർപ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
ജഡ്ജിമാരെ വിളിച്ചുവരുത്തി ഇംപീച്ച് ചെയ്യാൻ അധികാരമുള്ള പാർലമെന്റിന് അവരുടെ മേൽനോട്ടത്തിന് അവകാശമുണ്ടെന്നും മനീഷ് തിവാരി പറഞ്ഞു. പണക്കൂമ്പാരം കിട്ടിയ വിഷയത്തിൽ എന്തെല്ലാം ഇതുവരെ സംഭവിച്ചെന്ന് നിയമ മന്ത്രി കൃത്യമായി സഭയെ അറിയിക്കേണ്ടതുണ്ടെന്നും തിവാരി പറഞ്ഞു. അഴിമതിക്കാരായ ജഡ്ജിമാരെ കൊണ്ടുവന്നുതള്ളാനുള്ള ചവറ്റുകുട്ടയാക്കി അലഹബാദ്, കൊൽക്കത്ത ഹൈകോടതികളെ മാറ്റിയെന്ന് കല്യാൺ ബാനർജി കുറ്റപ്പെടുത്തി. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ ഇതുവരെ സമ്മതിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.