ന്യൂഡല്‍ഹി: കാവേരി കേസില്‍ കാവേരി നദീജല പരിപാലന ബോര്‍ഡുണ്ടാക്കണമെന്ന ഉത്തരവ് സുപ്രീംകോടതി മാറ്റിവെച്ചു. അതിനുപകരം കേന്ദ്രം, കര്‍ണാടകം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവയുടെ സാങ്കേതിക വിദഗ്ധരടങ്ങുന്ന സമിതിയെ തമിഴ്നാടും കര്‍ണാടകയും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ചു. കാവേരി ട്രൈബ്യൂണലിന്‍െറ അന്തിമ വിധിയില്‍ കാവേരി പരിപാലന ബോര്‍ഡുണ്ടാക്കണമെന്ന ശിപാര്‍ശ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും അതിനെ മറികടക്കുന്നതാണ് സുപ്രീംകോടതി ഉത്തരവെന്നും കേന്ദ്ര സര്‍ക്കാറിന്‍െറ ഇടക്കാല അപേക്ഷയില്‍ അറ്റോണി ജനറല്‍ മുകുല്‍ റോത്തഗി ബോധിപ്പിച്ചു.
നിലവില്‍ കാവേരി മേല്‍നോട്ട സമിതിയുണ്ട്. അതോടൊപ്പം കേന്ദ്ര ജല കമീഷന്‍ ചെയര്‍മാനെയും കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും എന്‍ജിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെന്ന നിലയില്‍ ചേര്‍ത്ത് ആ സമിതി സന്ദര്‍ശനം നടത്തട്ടെ എന്ന ബദല്‍ നിര്‍ദേശവും റോത്തഗി മുന്നോട്ടുവെച്ചു. ട്രൈബ്യൂണലിന്‍െറ അന്തിമ വിധിയല്ല, ഏത് അന്തിമ വിധിയും പുനഃപരിശോധിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്നും കേന്ദ്രത്തിന്‍െറ നിലപാടില്‍ കോടതിക്ക് തീര്‍പ്പുകല്‍പിക്കാമെന്നും കര്‍ണാടകക്ക് വേണ്ടി ഹാജരായ ഫാലി എസ്. നരിമാന്‍ മറുപടി നല്‍കി.
എന്നാല്‍, കേന്ദ്രം കര്‍ണാടകക്ക് വേണ്ടി കളിക്കുകയാണെന്നും ബോര്‍ഡിന്‍െറ വിധി അതിനുപയോഗിക്കുകയാണെന്നും തമിഴ്നാടിന്‍െറ അഭിഭാഷകന്‍ ശേഖര്‍ നാഫഡെ ആരോപിച്ചു. ഈ വാദം തള്ളിയ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തെറ്റുപറ്റിയെന്ന് അറ്റോണി നേരിട്ട് സമ്മതിച്ചതാണെന്ന് മറുപടി നല്‍കി.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചപോലെ കേന്ദ്രത്തിലെയും നാല് സംസ്ഥാനങ്ങളിലെയും സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി സ്ഥിതിഗതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതല മേല്‍നോട്ട സമിതിക്ക് നല്‍കി. കേരളത്തിന്‍െറ പ്രതിനിധിയായി എന്‍ജിനീയറെ ഉള്‍പ്പെടുത്തണമെന്ന സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശിന്‍െറ ആവശ്യം അംഗീകരിച്ചു. സമിതി ഈ മാസം 17നകം കാവേരി വൃഷ്ടിപ്രദേശം സന്ദര്‍ശിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.