ന്യൂഡൽഹി: സി.ബി.െഎ തലപ്പത്ത് പോര് മുറുകിയതോടെ ഡയറക്ടർ അലോക് കുമാർ വർമ ചുമതലകളിൽ നിന്ന് മാറി നിൽക്കണമെന്ന് സർക്കാർ നിർദേശം. ഇന്നലെ അർധ രാത്രിയോടെ ചേർന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ് തീരുമാനം. സി.ബി.െഎ ജോയിൻറ് ഡയറക്ടർ എം. നാഗേശ്വര റാവുവിന് പകരം താത്കാലിക ചുമതല നൽകും. സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോടും ഇന്ന് നിർബന്ധിത അവധിയിൽ പ്രേവശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതിക്കേസിൽ ആരോപണ വിധേയനായ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോട് ഇന്ന് അവധിയിൽ പ്രവേശിക്കണമെന്ന് സി.ബി.െഎ ഡയറക്ടർ നിർദേശിച്ചിരുന്നു. എന്നാൽ അഴിമതിക്കുറ്റം അലോക് വർമ തെൻറ മേൽ കെട്ടിവെക്കുകയാണെന്ന് അസ്താന ആരോപിച്ചു. സി.ബി.െഎയുെട രണ്ട് ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് മുറുകിയതോടെ ഇരുവരോടും സ്ഥാനത്തു നിന്ന് മാറി നിൽക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
ചീഫ് വിജിലൻസ് കമീഷണറുടെ റിപ്പോർട്ട് പ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥരോട് ചുമതിലയിൽ നിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടത്. വിജലൻസ് കമീഷണറുടെ ശിപാർശ പ്രധാന മന്ത്രി നേരന്ദ്ര മോദി അംഗീകരിക്കുകയായിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുെട വിശ്വസ്തനായ രാകേഷ് അസ്താനയെ സംരക്ഷിക്കുന്നതിനുള്ള കളികളാണ് കേന്ദ്ര സർക്കാർ നടത്തുന്നെതന്നും അലോക് വർമയെ രണ്ടു വർഷക്കാലാവധി പൂർത്തിയാക്കാതെ മാറ്റാനാകില്ലെന്നും പ്രതിപക്ഷം പറഞ്ഞു.
സി.ബി.െഎ പ്രത്യേക അന്വേഷണ സംഘം തലവനായ രാകേഷ് അസ്താന കേസ് അന്വേഷണത്തിനിടെ കെക്കൂലി വാങ്ങിെയന്ന് ആരോപിച്ച് അലോക് വർമയാണ് അസ്താനക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സി.ബി.െഎ ആസ്ഥാനം വളഞ്ഞ് പൊലീസ്
ന്യൂഡൽഹി: സ്വതന്ത്ര അന്വേഷണ ഏജൻസിയായ സി.ബി.െഎയുടെ പ്രവർത്തനത്തിൽ സർക്കാർ അസാധാരണമായ ഇടപെടൽ നടത്തുന്ന നാടകീയ നീക്കങ്ങൾക്കാണ് ബുധനാഴ്ച പുലർച്ച ഡൽഹിയിലെ സി.ബി.െഎ ആസ്ഥാനം സാക്ഷ്യംവഹിച്ചത്.
12.45: തെക്കൻ ഡൽഹിയിലെ ലോധി റോഡ് സി.ബി.െഎ ആസ്ഥാനം പൊലീസ് വളയുന്നു. അന്വേഷണ ഏജൻസിയുടെ രണ്ട് ഉന്നതരെ മാറ്റി പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരുന്നതിെൻറ പുറപ്പാട്.
1.00: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നിയമന ചുമതലയുള്ള ഉദ്യോഗസ്ഥരെ പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് വിളിപ്പിച്ചു. സി.ബി.െഎ മേധാവിയേയും സഹമേധാവിയേയും നിർബന്ധിത അവധിക്ക് അയക്കുന്ന ഉത്തരവ് ഇറക്കാൻ നിർദേശിച്ചു. അതനുസരിച്ച് ഇടക്കാല മേധാവിയായി എം. നാഗേശ്വര റാവുവിനെ നിയമിച്ച് ഉത്തരവ് ഇറങ്ങി.
1.45: പൊലീസ് അകമ്പടിയോടെ നാഗേശ്വര റാവു സി.ബി.െഎ ആസ്ഥാനത്ത്. സി.ബി.െഎ ഡയറക്ടറുടെ ഒാഫിസ് സീൽ ചെയ്യുന്നു. സ്വന്തം മുറിയിലെത്തി പുതിയ പദവി ഏറ്റെടുക്കുന്നു. തൊട്ടുപിന്നാലെ വിവിധ സ്ഥലംമാറ്റ ഉത്തരവുകളിൽ ഒപ്പുവെക്കുന്നു. അലോക് വർമക്കും രാകേഷ് അസ്താനക്കും നിർബന്ധിത അവധി നൽകുന്നകാര്യം പ്രത്യേക ദൂതൻവഴി അവരെ അറിയിക്കാൻ നിർദേശിക്കുന്നു.
രാവിലെ ഒാഫിസിലെത്തിയ അലോക് വർമക്ക് സി.ബി.െഎ ആസ്ഥാനത്ത് പ്രവേശിക്കാൻ വിലക്ക്. സ്റ്റാഫിനോട് ഉച്ചതിരിഞ്ഞ് എത്തിയാൽ മതിയെന്ന് നിർദേശം. ഫയൽ നീക്കങ്ങൾ തടഞ്ഞു. സുപ്രീംകോടതിയെ സമീപിക്കുന്നതിന് അലോക് വർമ അഭിഭാഷകെൻറ സഹായം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.