ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ അലോക് വർമ, സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന എന്നിവർക്ക് പദവി നഷ്ടപ്പെട്ടിട്ടില്ലെന്ന് സി.ബി.െഎയുടെ വിശദീകരണം. കേന്ദ്ര വിജിലൻസ് കമീഷൻ തീരുമാനമെടുക്കുന്നതുവരെ ജോയൻറ് ഡയറക്ടർ നാഗേശ്വർ റാവുവിന് ഇടക്കാല ചുമതല നൽകുക മാത്രമാണ് ചെയ്തത്. സി.ബി.െഎയെ സംബന്ധിച്ചിടത്തോളം അലോക് വർമ തന്നെയാണ് ഡയറക്ടറെന്ന് ഏജൻസി വക്താവ് വിശദീകരിച്ചു.
സി.ബി.െഎയുടെ തലപ്പത്തെ പാതിരാ അട്ടിമറി വലിയ കോളിളക്കമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഒൗദ്യോഗിക വിശദീകരണം. സി.ബി.െഎ ഡയറക്ടറെ നീക്കിയതിനെതിരെ സുപ്രീംകോടതിയിൽ ഹരജിയുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് തീരുമാനിക്കുന്ന ഡയറക്ടറെ നീക്കാൻ സർക്കാറിനോ കേന്ദ്ര വിജിലൻസ് കമീഷനോ അധികാരമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്.
ഡയറക്ടർക്കും സ്പെഷൽ ഡയറക്ടർക്കും നിർബന്ധിതമായ അവധി നൽകി ചുമതലയിൽനിന്ന് മാറ്റിനിർത്തുകയാണ്, പദവിയിൽനിന്ന് നീക്കുകയല്ല ചെയ്തിരിക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്. ഭരണഘടനാവിരുദ്ധമായി പ്രവർത്തിച്ചിട്ടിെല്ലന്ന ഇൗ വാദം സുപ്രീംകോടതിയിൽ സർക്കാർ മുന്നോട്ടുവെച്ചേക്കും. എന്നാൽ, പുറത്തായ അലോക് വർമയെ ഡയറക്ടർ പദവിയിൽ തിരിച്ചെത്തിക്കാൻ സർക്കാർ ഒട്ടും താൽപര്യപ്പെടുന്നില്ലെന്ന യാഥാർഥ്യം ഇതിനിടയിൽ ബാക്കി.
സി.ബി.െഎ മേധാവിയെ മാറ്റാൻ പ്രധാനമന്ത്രിക്ക് അധികാരമില്ല’; മോദിക്ക് ഖാർഗെയുടെ കത്ത്
ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്കോ കേന്ദ്ര വിജിലൻസ് കമീഷനോ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ കത്ത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് സി.ബി.െഎ ഡയറക്ടറെ നിശ്ചയിക്കുന്നത്. അത്തരത്തിൽ നിയമിക്കപ്പെട്ട ഒരാളുടെ സേവനം അവസാനിപ്പിക്കുന്നതിന് പ്രധാനമന്ത്രിക്ക് സ്വേച്ഛാപരമായി തീരുമാനിക്കാനാവില്ലെന്ന് മൂന്നു പേജ് കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി.
ഡയറക്ടറെ മാറ്റണമെന്ന് ശിപാർശ ചെയ്യാൻ കേന്ദ്ര വിജിലൻസ് കമീഷന് അധികാരമില്ല. സെലക്ഷൻ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. സർക്കാറിനെ പ്രശ്നത്തിലാക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാനാണ് തിരക്കിട്ട നീക്കം നടത്തിയത്. അതല്ലാതെ, ഡയറക്ടറെ മാറ്റാൻ മതിയായ കാരണങ്ങളും സർക്കാറിനു മുന്നിലില്ല. നിയമവാഴ്ചയെ അവമതിക്കുന്ന നീക്കമാണ് നടന്നത്. റഫാൽ ഇടപാടിലെ വലിയ അഴിമതിയാണ് ഇതിനെല്ലാം സർക്കാറിനെ പ്രേരിപ്പിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.